Thursday, September 3, 2020

911, സദാശിവകുടുംബിനീ

 1, സദാശിവൻ്റെ ഭാര്യാ. മുപ്പത്താറ് തത്വങ്ങളിൽ ശുദ്ധവിദ്യാ എന്ന തത്വത്തിൻ്റെ രൂപത്തിലുള്ളവൾ. ശ്യാമളാ അശ്വാരൂഢാ എന്നെല്ലാം അർത്ഥം പറയുന്നുണ്ട്.

910, സൌമ്യാ

 1, സോമയാഗയോഗ്യാ സോമ്യാ. വ്യാകരണവിശേഷം കാരണം സൌമ്യാ എന്നും പ്രയോഗമാവാം. രണ്ടു പാഠം ഉണ്ട്. സോമ്യാ എന്നും സൌമ്യാം എന്നും.

2, ഉമയോടു കൂടി വർത്തിക്കുന്നവൻ സോമൻ. ശിവൻ.ശിവൻ്റെ അർദ്ധാംഗിനിയായതിനാൽ സൌമ്യാ.

3, ചന്ദ്രനേപ്പോലെ ആഹ്ളാദകാരിത്വം ഉണ്ടാകയാൽ സൌമ്യാ.

4, പച്ചക്കർപ്പൂരം എന്നും സോമശബ്ദത്തിന് അർത്ഥം ഉണ്ട്. കണ്ണിനുകർപ്പൂരമാകുന്ന ആഹ്ളാദകാരിത്വം ഉള്ളതിനാൽ സൌമ്യാ.

Wednesday, September 2, 2020

909, സാമഗാനപ്രിയാ

1, സാമഗാനം ഇഷ്ടപ്പെടുന്നവൾ.

2, സാമഗാനം ചെയ്യുന്നവർ പ്രാണനേപ്പോലെ പ്രിയപ്പെട്ടവരാണ് ഭഗവതിക്ക് എന്നും ആകാം.

908, തത്വമർത്ഥസ്വരൂപിണീ.

 1, തത്വമസി എന്ന് മഹാവാക്യത്തിൽ പറയുന്നതിൻ്റെ അർത്ഥസ്വരൂപത്തിലുള്ളവൾ. അത് നീ ആണ് എന്നാണ് തത്വമസി എന്നതിൻ്റെ സാമാന്യാർത്ഥം.

907, തത്വമയീ

 1, രണ്ടുവിധത്തിലുള്ള സമാധി ഉണ്ടത്രേ. ഒന്ന് സ്വയംപ്രാജ്ഞാതവും മറ്റേത് അസംപ്രജ്ഞാതവും. ഇതിൽ ഇതിൽ സ്വയംപ്രജ്ഞാതസമാധി ശിവതത്വത്തേക്കാൾ മുകളിലാണ്. അസംപ്രജ്ഞാതസമാധി ശിവതത്വംകൊണ്ട് സാധിക്കാവുന്നതും ആണത്രേ. മുൻപറഞ്ഞ തത്വാധികാ എന്നത് സ്വംപ്രജ്ഞാതസമാധിയെക്കുറിച്ചാണ്. തത്വമയീ എന്നത് അസംപ്രജ്ഞാതസമാധിയെക്കുറിച്ചും. 

2, മുപ്പത്താറ് തത്വങ്ങൾ ഭഗവതി തന്നെ ആണ്.

Sunday, August 16, 2020

906, തത്വാധികാ

 1, പ്രളയത്തോളം നിലനിൽക്കുന്നവയാണ് മുപ്പത്താറ് തത്വങ്ങൾ. ഈ തത്വങ്ങൾക്ക് അപ്പുറവും നിലനിൽക്കുന്നവൾ.


905, ബൈന്ദവാസനാ

 1, ഭ്രൂമദ്ധ്യത്തിൻ്റെ ഉപരിഭാഗത്ത് സർവ്വാനന്ദമയചക്രത്തിൽ വൃത്തരൂപത്തിലുള്ള ബിന്ദു ഉണ്ട്. അതിൽ ഉള്ള പദ്മത്തിൽ ശിവനും ശിവൻ്റെ വാമഭാഗത്ത് ഭഗവതിയും ഉണ്ടെന്ന് കാണുന്നു. അതിനാൽ വിന്ദുവിനെ സംബന്ധിച്ച തായ സർവ്വാനന്ദമയചക്രത്തിൽ ഇരിക്കുന്നവൾ.

2, അനവിധി ബിന്ദുക്കളുടെ സമൂഹം എന്ന നിലയ്ക്കും ബൈന്ദവം എന്ന് വരാം. ഹംസഃ എന്നതിൽ മൂന്നു ബിന്ദുക്കളുണ്ട് ഹകാരം എന്നത് ബ്രഹ്മബിന്ദുവും, സഃ എന്നത് വിഷ്ടുവും ശിവനും ആയ രണ്ടു ബിന്ദുക്കളും ആണ്. ഇതിപോലെ ഭൂരാദിത്രിലോകങ്ങൾ, ഇച്ഛാജ്ഞാനക്രിയകൾ തുടങ്ങി മൂന്ന് ബിന്ദുക്കളുടെ സമൂഹം ആണ് ബൈന്ദവം. ഇങ്ങിനെയുള്ള ബിന്ദുക്കളുടെ പുരം ആയതിനാലണത്രേ ത്രിപുരാ. 

Friday, August 14, 2020

904, വിദഗ്ധാ

 1, ചാതുര്യം ഉള്ളവൾ.


Thursday, August 6, 2020

903, കല്യാ

1, കലകളിൽ കുശലതയിള്ളവൾ, ഭഗവതി എല്ലാ കലകളിലും കുശലതയുള്ളവളാണ്.
2, സംസാരിക്കാനും കേൾക്കാനും കഴിയാത്തവൾ. എന്നുമാകാം. അജ്ഞാനികൾക്ക് ഭഗവതി മൂകയും ബധിരയുമാണ്. എന്നാൽ വിജ്ഞാനികൾക്ക്  ഭഗവതിയേപ്പലെ കേൾക്കാൻ കഴിയുന്നവളും പറയാൻ കഴിയന്നവളും ആയി വേറെ ആരും ഇല്ല.
3, സമർത്ഥയായിട്ടുള്ളവൾ. ഭഗവതിയേപ്പോലെ സാമർത്ഥ്യം ആർക്കുണ്ട്.
4, മദ്യം എന്നു കല്യാശബ്ദത്തിന് അർത്ഥമുണ്ട്. ആലുകളുടെ ബുദ്ധിയെ മയക്കുന്ന മായയായ ഭഗവതിക്ക് ചേരുന്നതാണ് കല്യാ എന്നപേരും.
5, മംഗളകരമായ വാക്ക് എന്നും കല്യാ ശബ്ദത്തിന് അർത്ഥം വരാം. ഭഗവതിയുടെ ഓരോ നാമവും മംഗളകരമായ വാക്കുകളാണ്.  
6, ഉഷഃക്കാലരൂപാ. ഭഗവതി ഉഷഃകാലം പോലെ പ്രാഖമുറ്റവളും പാവനുമാണല്ലോ.

902, വിജ്ഞാനകലനാ

1, വിജ്ഞാനം കൊണ്ട് അറിയാവുന്നവൾ. പതിനാലു വിദ്യകളും സ്വാധീനമാക്കിയാൽ ഭഗവതിയെ അറിയാൻ ഉള്ള അടിസ്ഥാനം ആകും എന്നു സൂചിപ്പിക്കുന്നു.
2, ബ്രഹ്മജ്ഞാനം കൊണ്ട് അറിയാവുന്നവൾ എന്നും ആകാം.

901, നാദരൂപിണീ

1, നാദം രൂപമായിട്ടുള്ളവൾ. പ്രണവത്തിൻ്റെ അല്ലെങ്കിൽ ഹ്രീം എന്നതിൻ്റം അഞ്ചാമത്തെ ഭാഗമാണ് നാദം. 
2, നാദത്തിലാണ് ഭഗവതിയുടെ രൂപം എന്നും പറയാം. നാദത്തിൻ്റെ മുകളിലിരുന്നാണ് ഭഗവതി മുകളിലേയ്ക്ക് അതായത് സഹസ്രാരത്തിലേയക്കുള്ള യാത്ര തുടരുന്നത്.
3, നാദത്തിന് ശബ്ദം  എന്നും അർത്ഥം വരാം.ശബ്ദങ്ങളെല്ലാം ഭഗവതിയുടെ സ്വരൂപം തന്നെ.

Wednesday, August 5, 2020

900, നൈഷ്കർമ്മ്യാ

1, കർമ്മങ്ങളൊന്നും ഇല്ലാത്തവൾ. 
2, ഈശ്വരിയായതിനാൽ കർമ്മബന്ധങ്ങളൊന്നും ഭഗവതിയെ ബാധിക്കില്ല.

899, വീരാ

1, വീര്യസമ്പന്നാ.
2, ഭർതൃമതിയും പുത്രവതിയും ആയവൾ  വീരയാണെന്നു കാണുന്നു. വിശ്വപിതാവയ പരമേശരൻ ഭഗവതിയുടെ പതിയാണ്.  ജഗത്തിനു മുഴവൻ ഭഗവതിയുടെ പുത്രത്വം അവകാശപ്പെടാവുന്നതാണ്.

Tuesday, August 4, 2020

898, വീരഗോഷ്ഠീപ്രിയാ

1, വീരന്മാരുടെ സഭ ഇഷ്ടപ്പെടുന്നവൾ. വീരശബ്ദത്തിന്  ശൂരൻ എന്നും ചിന്താശീലൻ എന്നും തന്ത്രത്താൽ എത്തപ്പെടുന്ന ഒരു നിലയെന്നും എല്ലാം അർത്ഥം വരാം
2, വീരന്മാരുടെ സല്ലാപം ഇഷ്ടപ്പെടുന്നവൾ.
3, വീരശബ്ദത്തിന് പുത്രൻ എന്നർത്ഥമുണ്ട്. ഭഗവതിയുടെ പുത്രരാണ് ഈ പ്രപഞ്ചം മുഴുവൻ. അവരുടെ സാന്നിദ്ധ്യത്തിൽ സന്തോഷിക്കുന്നവൾ.

897, കുളരൂപിണീ

1, കൌളമാർഗ്ഗം രീപമായിട്ടുള്ളവൾ. ഉപാസനയുടെ മാർഗ്ഗവും ഭഗവതി തന്നെ ആണ്.
2, വംശം ഭഗവതി തന്നെ. പ്രപഞ്ചത്തിലെ ഓരോ വംശവും ഭഗവതി തന്നെ.

896, കൂടസ്ഥാ

1, കൂടശബ്ദത്തിന് കളത്തരം എന്നർത്ഥം. കള്ളമായ അജ്ഞാനമാകുന്നു സംസാരം. അതിന് അദ്ധ്യക്ഷയായിട്ടുള്ളവൾ. ഇല്ലാത്തതും എല്ലാവിധകുഴപ്പങ്ങൾക്കുകാരണവും ആയ സംസാരം നിയന്ത്രിച്ചുകൊണ്ട് പോകുന്നത് ഭഗവതിയാണ്.
2, അജ്ഞാനം നിലനിൽക്കുന്നത് ഭഗവതിയിലാണ്. ഭഗവതിതന്നെ ആണല്ലോ മായ.
3, കൂടം എന്നതിന് ഗിരിശൃംഗം എന്നർത്ഥം ഉണ്ട്. ഗിരിശൃംഗം പോലെ നിർവ്വികാരയായി ഇളക്കമില്ലാതെ സ്ഥിതിചെയ്യുന്നവൾ
4, ഇരുമ്പുപണിക്കാരൻ ഉപയോഗിക്കുന്ന വലിയ ചുറ്റികയാവാം കൂടം. അടിക്കുമ്പോൾ ഇരുമ്പിന് വ്യത്യാസം വരുമെന്നല്ലാതെ കൂടത്തിന് വ്യത്യാസം വരുകയില്ല. അതുപോലെ പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെ തിരിച്ചിലോ പൊട്ടിത്തെറികളോ  പ്രപഞ്ചത്തെ മാറ്റുന്നു എന്നല്ലാതെ ഇതിനെല്ലാം കാരണഭൂതയായ ഭഗവതിയെ മാറ്റുന്നില്ല. 
5, കൂടം എന്നതിന് വിശ്വസമൂഹം എന്നർത്ഥം. വിശ്വസമൂഹം ഏതൊരുവളിൽ സ്ഥിതി ചെയ്യുന്നുവോ അവൾ
6, വാഗ്ഭവം മുലായ മൂന്നുകൂടങ്ങൾ ഉണ്ട് ശ്രീചക്രവിധാനത്തിൽ. ഇവയിൽ എല്ലാം ഭഗവതി സ്ഥിതിചെയ്യുന്നു, എന്നും ഇവയെല്ലാം ഭഗവതിയിൽ സ്ഥിതിചെയ്യുന്നു എന്നും അർത്ഥം വരാം
 

895, യോനിനിലയാ

1, യോനി എന്നതുകൊണ്ട് ത്രികോണം എന്നാണുദ്ദേശിക്കുന്നത്. ശ്രീചക്രത്തിൽ ത്രികോണത്തിലുള്ള ബിന്ദു ഭഗവതിയാണ്. അതിനാൽ യോനിനിലയാ.
2, യോനിയും നിലയയും ആയിട്ടുള്ളവൾ. നിലയാ എന്നിതിന് നിലീയതേ ഇതി നിലയാ എന്നു കാണുന്നു. ഈ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിസ്ഥാനവും ലയസ്ഥാനവും ഭഗവതി തന്നെ.
3, യോനികൾ ലയിക്കുന്നിടം എന്നു അർത്ഥമാകാം. ജഗത്സൃഷ്ടിക്കു കാരണഭൂതരായ വിഷ്ണു, ബ്രഹ്മാവ് മുതലായവർ ലയിക്കുന്ന സ്ഥാനം ഭഗവതിതന്നെ ആണ്.
4, യോനിക്ക് മായാ എന്നും അർത്ഥം വരാം. നിലയം സ്ഥാനം. മായക്ക് നിലയത്വം കൊടുക്കുന്നത്. മായക്ക് സ്ഥാനം കൊടുക്കുന്നത് ഭഗവതിയാണ്. മായയുടെ പ്രഭാവത്തിന് സീമ കൊടുക്കുന്നവൾ

Monday, August 3, 2020

894, അയോനിഃ

1, യോനി എന്നതിന് ഉൽപ്പത്തിസ്ഥാനം എന്നർത്ഥം. ഭഗവതി ഉത്ഭവിച്ച ഒരു സ്ഥാനം ഇല്ലാത്തതിനാൽ അയോനിയാണ്.
2, യോനി എന്നതിന് സ്ഥാനം അർത്ഥമുണ്ട്. സ്ഥാനം ഇല്ലാത്തവൾ. അതായത് ഒരു പ്രത്യേകസ്ഥാനം ഭഗവതിക്കില്ല. എല്ലായിടത്തും നിറഞ്ഞവൾ എന്നർത്ഥം
3, കുടുംബം എന്നും യോനിശബ്ദത്തിന് അർത്ഥം ഉണ്ട്. കുടുംബമില്ലാത്തവൾ. 

Sunday, August 2, 2020

893, വിഷ്ണുരൂപിണീ

1, വിഷ്ണുരൂപത്തിൽ ജഗദ്രക്ഷ ചെയ്യുന്നത് ഭഗവതി തന്നെ.
2, വ്യാപനത്വം കാരണം ആണ് വിഷ്ണു എന്ന പേര് വന്നത്. ജഗത്തുമുഴുവൻ വ്യപിച്ചിരിക്കുന്ന രൂപം ഉള്ളതിനാൽ വിഷ്ണുരൂപിണി.

892, വൈഷ്ണവീ

1, മാതൃക്കളിൽ പെട്ട വൈഷ്ണവി. വിഷ്ണുവിൻ്റെ ശക്തിയിൽനിന്ന് ഉണ്ടായ വൈഷ്ണവി. യുദ്ധത്തിനിടക്ക് ഭഗവതിയിൽ ലയിച്ച് അഭേദം വെളിപ്പെടുത്തുകയും ചെയ്തു. അതിനാൽ വൈഷ്ണവി ഭഗവതി തന്നെ .
2, വിഷ്ണുവിൻ്റെ രൂപസാദൃശ്യം ഉള്ളവൾ.
3, വിഷ്ണുവിനെപ്പോലെ ദൈത്യഹന്ത്രി ആയിട്ടുള്ളവൾ.

Saturday, August 1, 2020

891, വിദ്രുമാഭാ

1, വിദ്രുമം പവിഴം. പവിഴത്തിൻ്റെ നിറമുള്ളൾ
2, വിദ് എന്നതിന് ജ്ഞാനം എന്നും ദ്രുമം എന്നതിന് വൃക്ഷം എന്നും അർത്ഥം വരാം. ജ്ഞാനരൂപമായ വൃക്ഷത്തിൻ്റെ രൂപമാണ് ഭഗവതിയ്ക്ക്. ഈ പ്രപഞ്ചം മുഴുവൻ പടർന്നു പന്തലിച്ച ജ്ഞാനവൃക്ഷമാണ് ഭഗവതി.

890, വിശ്വഗ്രാസാ

1, വിശ്വത്തെ ഗ്രസനം ചെയ്യുന്നവൾ. വിശ്വത്തെ വിഴുങ്ങുന്നവൾ. സംഹാരകാലത്ത് ഈ പ്രപഞ്ചത്തെ മുഴുവൻ ഭഗവതി ഉൾവലിക്കുന്നു.
2, ഗ്രാസം എന്നതിന് ചോറുരുള എന്ന് അർത്ഥം വരാം. ഭഗവതിയെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം ഒരു ചോറുരുളയ്ക്ക് സമാനമാണ്. 

Friday, July 31, 2020

889, വിശ്വഭ്രമണകാരിണീ

1, എല്ലാം ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നവൾ. അനന്തമായ ഈ പ്രപഞ്ചത്തെ മുഴുവനും, അതിലുള്ള ഓരോന്നിനേയും പ്രത്യേകം പ്രത്യേകവും ചലിപ്പിച്ചുകൊണ്ടികിക്കുന്നവൾ.
2, ലോകത്തെ മുഴുവൻ സത്യവസ്തുവെ അനുഭവപ്പെടുത്താത്ത മായ എന്ന ഭ്രമത്തെ ഉണ്ടാകുന്നവൾ.
3, കാളികാപുരാണത്തിൽ ഒരു കഥയുണ്ട്. വിഷ്ണു ഒരു പ്രാവശ്യം ഗരുഡാരൂഢനായി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ നീലാചലത്തിൽ കാമാഖ്യാ എന്ന രൂപത്തിൽ വർത്തിക്കുന്ന ഭഗവതിയെ വന്ദിക്കാതെ അനാദരിച്ച് പോകുകകയും അതുകാരണം സമുദ്രമദ്ധ്യത്തിൽ കിടന്നുതിരിയുകയും ചെയ്തു. പിന്നീട് ലക്ഷ്മീദേവി നാരദമുനിയിൽനിന്ന് ഈ കഥ കേട്ട് ദേവിയെ പ്രസാദിപ്പിക്കുകയും വിഷ്ണുവിനെ ഭ്രമത്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു. വിഷ്ണുവിന് വിശ്വൻ എന്നു പേരുണ്ട്. വിഷമുവിനെ ഭ്രമിപ്പിക്കുകയാൽ വിശ്വഭ്രമണകാരിണീ.

888, വിപ്രരൂപാ

1, സംസ്കാരജ്ഞാനങ്ങൾ തികഞ്ഞിരിക്കുന്ന വിപ്രനിൽ സത്യത്തിൽ ഭഗവതിതന്നെ ആണ് പ്രകാശിക്കുന്നത്.

887, വിപ്രപ്രിയാ

1, സംസ്കാരംകൊണ്ടും ജ്ഞാനംകൊണ്ടും ആണ് വിപ്രത്വം വരുന്നത്.  അങ്ങിനെ വിപ്രത്വം വരുന്ന ഒരാൾ ജഗന്മാതാവായ ഭഗവതിയെ ഇഷ്ടപ്പതിരിക്കില്ല.
2, സംസ്കാരജ്ഞാനസമ്പന്നനായ ഒരാളെ ഭഗവതിക്കും സാരം തന്നെ.

886, ധനധാന്യവിവർദ്ധിനീ.

1, ഭക്തർക്ക് ധനവും ധാന്യവും വേണ്ടതുപോലെ വർദ്ധിപ്പിക്കുന്നവൾ.

885, ധനാദ്ധ്യക്ഷാ

1, ധനങ്ങൾക്കെല്ലാം അദ്ധ്യക്ഷാ. സമ്പത്തിൽ ആധിപത്യമുള്ളവൾ
2, മനുഷ്യരുടേയും മൃഗങ്ങളുടേയും എന്നു വേണ്ട എല്ലാചരാചരങ്ങളുടേയും ധനം  ഭഗവതിയാണല്ലോ വിനിമയം ചെയ്യുന്നത്. 
3, കുബേരസ്വരൂപിണീ എന്നും ആകാം. 
4 ധന് ധാതുവിൽനിന്നു വരുന്ന ധനശബ്ദത്തിന് ശബ്ദം എന്നർത്ഥം. പ്രണവം വേദം മുതലായ എല്ലാ ശബ്ദങ്ങളുടേയും ആധിപത്യം ഭഗവതിക്കാണ് എന്നും അർത്ഥമാകാം.

884, ധർമ്മാധാരാ.

1, ധർമ്മത്തിന് ആധാരമായിട്ടുള്ളവൾ. അതാത് ദേശത്ത് വേദോക്തിക്ക് എതിരല്ലാതെ പമ്പരയായി നടത്തിവരുന്നതിനെ ധർമ്മം എന്നു പറയാം അതിനെല്ലാം ആധാരമായിട്ടുള്ളവൾ.
2,  ഒരു വ്സതു ഉണ്ടെങ്കിൽ അതിന് ഒരു ധർമ്മം ഉണ്ടാകും. ഉദാഹരണം അഗ്നി. അഗ്നിയുടെ ഒരു ധർമ്മമാണ് ദഹിപ്പിക്കുക. എന്നത്. അല്ലെങ്കിൽ ഉഷ്ണമുണ്ടാക്കുക എന്നത്. അതെല്ലാം നടക്കുന്നത് അതിൽ ഈശ്വരാംശം അടിസ്ഥാനമായിട്ടുണ്ടെന്നുള്ളതുകൊണ്ടാണ്. അതിനാൽ എല്ലാ പ്രപഞ്ചത്തിലെ എല്ലാം വസ്തുക്കളുടേയും ആധാരമായി ഭഗവതിയും ഭഗവതി ആധാരമയിരക്കകൊണ്ടു ഉണ്ടാകന്ന ധർമ്മങ്ങളും നിലനിൽക്കുന്നു. 
3, യജ്ഞേന യജ്ഞം അയജന്ത ദേവാഃ. താനി ധർമ്മാണി പ്രഥമാനി ആസൻ. എന്ന് പുരുഷസൂക്തം. പ്രപഞ്ചത്തിലെ സകലവസ്തുക്കളും സ്വയം ഉപകരണങ്ങായി എന്തിനോ വേണ്ടി അനിർവ്വചനീയമായ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു. അതാണ് സത്യത്തിൽ യജ്ഞം. അതിനെല്ലാം ആധാരം ഭഗവതിതന്നെ. 
4, ധർമ്മേ സർവ്വം പ്രതിഷ്ഠിതം എന്നു വചനമുണ്ട്. അതിനാൽ ധർമ്മമായിരിക്കുന്ന ആധാരം യാതൊന്നോ അവൾ എന്നും അർത്ഥമാകാം. 

883, യജമാനസ്വരൂപിണീ

1, യജ്ഞം ചെയ്യുന്ന യജമാനൻ്റെ രൂപത്തിലിരിക്കുന്നതും ഭഗവതി തന്നെ.
2, ശിവൻ്റെ അഷ്ടമൂർത്തികളിൽ ഒന്നാണ് യജമാനൻ എന്ന ഉഗ്രൻ.(ഈശാനനൻ ആണെന്നും പക്ഷഭേദമുണ്ട്) ഉഗ്രൻ്റെ പത്നിയാണ് ദീക്ഷ. ആ ദീക്ഷാരൂപത്തിലിരിക്കുന്നവളും ഭഗവതി തന്നെ.
3, യജമാനപത്നിയും ഭഗവതി തന്നെ.

Thursday, July 30, 2020

882, യജ്ഞകർത്രീ

1, യജ്ഞം ചെയ്യുന്നവൾ. ലോകത്തിൽ നടക്കുന്ന എല്ലാ യജ്ഞങ്ങളും ചെയ്യുന്നത് ഭഗവതി തന്നെ.

881, യജ്ഞപ്രിയാ

1, യജ്ഞം പ്രിയം ആയിട്ടുള്ളവൾ. എല്ലാവിധത്തിലുള്ള യജ്ഞങ്ങളും ഭഗവതിയെ പ്രീതിപ്പെടുത്തുന്നു.
2, യജ്ഞൻ എന്നാൽ വിഷ്ണു എന്നർത്ഥമുണ്ട്. വിഷ്ണുവിന് പ്രയയായിട്ടുള്ളവൾ എന്നും ആകാം. 
3, യജ്ഞത്തിന് അഗ്നി എന്നൊരർത്ഥം. അഗ്നിയുടെ പ്രിയയായതിനാൽ സ്വാഹാ. ദേവപ്രീതികരിയായ സ്വാഹാ ഭഗവതി തന്നെ.

880, സംസാരപങ്കനിർമ്മഗ്നസമുദ്ധരണപണ്ഡിതാ

1, സംസാരമാകുന്ന പങ്കത്തിൽ നിർമ്മഗ്നരെ സമുദ്ധരണം ചെയ്യുന്നതിൽ പണ്ഡിതാ. സംസാരമാകുന്ന ചളിക്കുണ്ടിൽ താഴുന്നുപോകുന്നവരെ പൊക്കിയെടുത്തു രക്ഷിക്കുന്നതിൽ പ്രാഗത്ഭ്യം ഉള്ളവളാണ് ഭഗവതി.

879, സുധാസ്രുതിിഃ

1, സുധയുടെ പ്രവാഹം. അമൃതപ്രവാഹം. സഹസ്രാരപദ്മത്തിലെ ചന്ദ്രബീജത്തിൽ വർഷിക്കുന്ന സുഷുമ്ന വഴി പ്രവഹിക്കുന്ന അമൃതം ഭഗവതി തന്നെ.
2, സുധാ എന്നതിന് ഗംഗാ എന്നൊരർത്ഥം ഉണ്ട്. സകലപാപങ്ങളും ഇല്ലാതാക്കുന്ന ഗംഗയുടെ ഒഴുക്ക് ഭഗവതിയാണ്.
 

878, സ്വാത്മാരാമാ

1, സ്വാത്മാവിൽ ആരമിക്കുന്നവൾ. രണ്ടെന്ന ഭാവം ഇല്ലാതെ അവനനിൽത്തന്നെ മുഴുകിയിരിക്കുന്നവൾ
2, ആത്മാവിനെ തന്നെ രണ്ടായിഭാവിച്ച് (പലതായി ഭാവിച്ച്) അന്യോന്യം രമിച്ചുകൊണ്ടിരിക്കുന്നവൾ
3, ആത്മാ എന്ന ശബ്ദത്തിന് മനസ്സ് എന്നും അർത്ഥമുണ്ട്. ജീവാത്മക്കളെ സംബന്ധിച്ചടത്തോളം മനസ്സിൻ്റെ കളിയാണല്ലോ ദൃശ്യപ്രപഞ്ചം.

Wednesday, July 29, 2020

877, നിരാലംബാ

1, ആലംബം ഇല്ലാത്തവൾ. എല്ലാത്തിനും ആലംബം ആയിരിക്കുന്നതിനാൽ ഭഗവതിക്ക് വേറെ ഒരാലംബമില്ല.
2, ആലംബശബ്ദത്തിന് തൂങ്ങിക്കിടക്കുന്നത് എന്നൊരു അർത്ഥം ഉണ്ട്. ഭവതി ഒന്നിലും വിടാതെ തൂങ്ങിക്കിടക്കുന്നവളല്ല.

876, നിരാമയാ

1, ആമയം ഇല്ലാത്തവൾ. രോഗമില്ലാത്തവൾ. യാതൊരു രോഗവും ബാധിക്കാത്ത പരമേശ്വരിയാണല്ലോ ഭഗവതി
2, ആമയത്തിന് ദുഖം എന്നും അർത്ഥമുണ്ട്. പരമാന്ദസ്വരൂപയായ ഭഗവതിക്ക് എന്തു ദുഖം
3, ഉപദ്രവിക്കൽ എന്നും അർത്ഥം ഉണ്ട്. ഹിതൈകകാരിണിയായ ഭഗവതി ആരേയും ഉപദ്രവിക്കില്ല. 

875, ത്രിപുരമാലിനീ

1, അന്തർദശചക്രത്തിൻ്റെ ദേവതാ. 
 

874, ത്രിസ്ഥാ

1, മൂന്നിലും സ്ഥിതിചെയ്യുന്നവൾ, മൂന്നു കാലം, ത്രിമൂർത്തികൾ, ത്രേതാഗ്നികൾ ത്രിദോഷങ്ങൾ, തുടങ്ങി മൂന്നുകൊണ്ട് വ്യവഹരിക്കാവുന്ന എല്ലാതിലും നല്ലത് എന്നോ നല്ലതല്ലാത്തത് എന്നോ വ്യത്യാസമില്ലാതെ എല്ലാതിലും സ്ഥിതിചെയ്യുന്നവൾ.

Tuesday, July 28, 2020

873, ത്രിവർഗ്ഗനിലയാ

1, ധർമ്മാർത്ഥകാമങ്ങൾക്ക് നിലയമായിട്ടുള്ളവൾ. ധർമ്മവും അർത്ഥവും കാമവും ഈ സംസാരത്തിൽ മാത്രം ഉള്ളതാണ്. മോക്ഷാവസ്ഥയിൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾക്ക് പ്രസക്തിയില്ല. സംസാരം തന്നെ ഭഗവതിയാണല്ലോ. 
2, മോക്ഷം എന്ന പ്രതലത്തിൽ ഉദിച്ച് നിലനിന്ന് അസ്തമിച്ചു പോകുന്ന ധർമ്മാർത്ഥകാമങ്ങൾക്ക് സത്യത്തിൽ നിലയം മോക്ഷം തന്നെ. അതിനാൽ മോക്ഷല്വരൂപാ എന്നും അർത്ഥമാക്കാം.
3, മൂന്നു കൊണ്ട് പറയാവുന്ന ത്രിലോകങ്ങൾ, പ്രണവാക്ഷരങ്ങളാകുന്ന അകാരോകാരമകാരങ്ങൾ, ഭൂതം ഭാവി വർത്തമാനം എന്നിവയെല്ലാം ഭഗവതിയിലാണ് നിലനിൽക്കുന്നത്.
4, വാതം പിത്തം കഫം എന്ന ത്രിദോഷങ്ങൾക്ക് നിലയമാണ് നമ്മുടെ ശരീരം. ഈ ശരീരം തന്നെ ജീവാത്മാവിനെ ഗർഭം ധരിക്കുന്ന മാതാവാണ്.

872, ത്രയീ

1, വേദസ്വരൂപാ. ഋക്ക് യജുസ്സ് സാമം എന്നീ വേദങ്ങൾ ഭഗവതി തന്നെ. 
2, ഋഗ്വേദവും സാമവേദവും അ എന്ന അക്ഷരംകൊണ്ടും, യജുർവ്വേദം ഇ എന്നതിൽനിന്നും തുടങ്ങുന്നു. ഇതിൽ അകാരവും ഇകാരവും കൂടിച്ചേർന്നാൽ ഏ എന്നുവരും, അതിനുശേഷം അകാരവും ഏകാരവും തമ്മിൽ കൂടിച്ചേർന്നാൽ  ഐ എന്നും വരും. ഐം എന്നതിന് വാഗ്ഭവബീജം എന്നു പറയും. അതിനാൽ ത്രയീ എന്നത് വാഗ്ഭവം എന്നും അർത്ഥമാകാം.

871, ബഹിർമ്മുഖസുദുർല്ലഭാ

1, ബഹിർമ്മുഖന്മാർക്ക് ഒട്ടും തന്നെ സുലഭയല്ലാത്തവൾ. ബാഹ്യപ്രപഞ്ചത്തിൽ അലയുന്ന മനസ്സുള്ളവർക്ക് ഭഗവതിയെ പൂജിക്കൽ എളുപ്പമല്ല.

870, അന്തർമുഖസമാരാദ്ധ്യാ

1, അന്തർമ്മുഖന്മാർക്ക് വേണ്ടതുപോലെ ആരാധിക്കാൻ കഴിയുന്നവൾ. മനസ്സ് എപ്പോഴും ബാഹ്യവിഷയങ്ങളിൽനിന്ന് ഉൾവലിഞ്ഞ് ആത്മസ്വരൂപയായിയരിക്കുന്ന ഭഗവതിയിൽ ലയിച്ചുകൊണ്ടിരിക്കുന്നർക്ക് ഭഗവതിയെ ആരാധിക്കാൻ എളുപ്പമാണ്.

869, ക്ഷിപ്രപ്രസാദിനീ

1, വേഗം പ്രസാദിക്കുന്നവൾ. വളരെ വേഗം മോക്ഷം തരുന്നവൾ
2, അമ്മ വേഗം പ്രസാദിക്കുകയും, നിവൃത്തിയില്ലാത്തപ്പോൾ മാത്രം കോപിക്കുകയും ചെയ്യുന്നവളാണല്ലോ.

868, മുഗ്ധാ

1, മുഗ്ധാ. സൌന്ദര്യമുള്ളവൾ
2, മൂഢാ എന്നും ഒരർത്ഥം മുഗ്ധാ എന്നതിനുണ്ട്. നമ്മുട ചെറിയ വുദ്ധിയെ  സംബന്ധിച്ചിടത്തോളെ പ്രകൃതി പലപ്പോഴും മൂഢയേപ്പോലെ പരുമാറുന്നു.
  

Wednesday, July 22, 2020

867, ക്ഷയവിനിർമ്മുക്താ

1, ക്ഷയമില്ലാത്തവൾ. പ്രപഞ്ചത്തിൽ കാണപ്പെടുന്നതെല്ലാം ജീർണ്ണിച്ചു പോകുന്നതായി നാം കാണുന്നു. എന്നാൽ ഭഗവതിക്ക് ഇത് സംഭവിക്കുന്നില്ല.
2, ക്ഷയം എന്നതിന് ഗൃഹം എന്ന് ഒരർത്ഥം. ഗൃഹത്തിൽ തന്നെ വിനിർമ്മുക്തി അഥവാ മോക്ഷം യാതൊരുവളാൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് പഭോഗത്യാഗം കൂടാതെ തന്നെ മോക്ഷം സംഭവിക്കുന്നു.
3, ക്ഷയം എന്നതിന് ഹിംസ എന്നും അർത്ഥമുണ്ട്. ഹിംസയില്ലാത്തവൾ. ഭഗവതി സേഹമയിയായ അമ്മയായതിനാൽ ഹിംസയില്ലതന്നെ.

866, അജാ

1, ജന്മമില്ലാത്തവൾ. അതുകൊണ്ടു തന്നെ മരണവും ഇല്ല.

865, ലീലാവിഗ്രഹരൂപിണീ.

1, ലീലാവിഗ്രഹം രൂപമായിട്ടുള്ളവൾ. കളിയായി ധരിക്കുന്ന ശരീരം ലീലാവിഗ്രഹം. അവതാരലീലകളിൽ ഭഗവതി നിരവധി ശരീരമെടുക്കുന്നു. അത് രൂപമായിട്ടുള്ളവൾ. ഭക്തന്മാർക്ക് ഭഗവതിയെ ആ അവതാരരൂപങ്ങൾ വെച്ചല്ലേ ധ്യാനിക്കാൻ പറ്റുകയുള്ളൂ.
2, പദ്മരാജൻ എന്നൊരു രാജാവിൻ്റെ മകളായി ലീല എന്ന പേരിൽ ഒരു രാജകുമാരി ഉണ്ടായിരുന്നു. ആരാജകുമാരി ഭഗവതിതന്നെ ആയിരുന്നു. 

864, കനൽകനകതാടങ്കാ

1, കനത്തായിരിക്കുന്ന കനകംകൊണ്ടുള്ള താടങ്കം ഉള്ളവൾ. കനത്ത് ജ്വലിക്കുന്നത്. കനം സ്വർണ്ണം. താടങ്കം കർണ്ണാഭരണം. ജ്വലിക്കുന്ന സ്വർണ്ണം കൊണ്ടുള്ള കർണ്ണാഭരണം ധരിക്കുന്നവൾ.

863, കാമകേളിതരങ്ഗിതാ

1, കാമൻ്റെ കേളിയുടെ തരങ്ഗമായിട്ടുള്ളവൾ. കാമൻ സാക്ഷാൽ പരമശിവൻ തന്നെ അദ്ദേഹത്തിൻ്റെ കേളി സൃഷ്ട്യാദി ലീലകൾ. അതിലെ നിൽക്കാതെ വരുന്ന ഓളങ്ങൾ ഭഗവതിതന്നെ.

862, കാര്യകാരണനിർമ്മുക്താ

1, കാര്യങ്ങളായ ബുദ്ധി അഹങ്കാരം മുതലായതും കാരണമായ മൂലപ്രകൃതിയും ഇല്ലാത്ത അവസ്ഥയിലുള്ളവൾ. ശുദ്ധചൈതന്യസ്വരൂപയായിരിക്കുന്ന ഭഗവതിയെ പ്രകൃതിയോ അതിൽനിന്നുണ്ടാകുന്ന ബുദ്ധി അഹങ്കാരം മുതലായതോ ബാധിക്കുന്നില്ല.

861, കാന്താർദ്ധവിഗ്രഹാ

1, കാന്തൻ്റെ അർദ്ധം (അർദ്ധശരീരം) വിഗ്രഹമായിട്ടുവൾ. ശ്രീപരമേശ്വരൻ്റെ അർദ്ധശരീരം ഭഗവതിയുടേതാണല്ലോ. അർദ്ധനാരീശ്വരൻ എന്ന സങ്കൽപ്പം പ്രസിദ്ധമാണ്.
2, കകാരത്തിൻ്റെ അവസാനം വരുന്നത് അായത് കകാരം കഴിഞ്ഞാൽ വരുന്നത് ഖകാരം ആണല്ലോ. ഖം എന്നാൽ ആകാശം. ആകാശം അർദ്ധവിഗ്രഹമായിട്ടുള്ളവൾ. നമുക്ക് അനുഭവപ്പെടുന്ന ആകാശം അടക്കമുള്ള എല്ലാം ഭഗവതിയുടെ സ്വരൂപത്തിൻ്റെ പകുതിയേ ആകുന്നുള്ളൂ. ഇവിടെ പകുതി എന്നത് ഒരു ഭാഗം എന്ന അർത്ഥത്തിലേ എടുക്കേണ്ടതുള്ളൂ.

860, അകാന്താ

1, അകം എന്നതിന് പാപം എന്നർത്ഥം. പാപമില്ലാത്ത അവസ്ഥ തരുന്നവൾ എന്നർത്ഥം.
2, കാന്തനില്ലാത്തവൾ എന്നും ആകാം. ഭഗവതിതന്നെ പരബ്രഹ്മസ്വരൂപയായതിനാൽ കാന്തൻ എന്നോ കാന്തൻ എന്നോ രണ്ടുഭാവം ഇല്ല.

859, കാഷ്ഠാ

1, കാഷ്ഠാ എന്നതിന് പതിനെട്ട് നിമിഷക്കാലം എന്ന് അർത്ഥമുണ്ട്.  അതായത് ഭഗവതി കാലസ്വരൂപയാണെന്നർത്ഥം. പതിനെട്ട് എന്നത് പുരാണങ്ങളിൽ വലിയ പ്രാധാന്യമുള്ള സംഖ്യയാണ്. എന്താണ് പതിനെട്ടിന് ഇത്ര പ്രാധാന്യം കൊടുക്കാൻ കാരണം എന്നത് വ്യക്തമല്ല.
2, കാഷ്ഠാ എന്നതിന് അതിർത്തി എന്നൊരർത്ഥം ഉണ്ട്. വേദാന്തത്തിൽ  സിദ്ധാന്തത്തിൻ്റെ അവസാനതലത്തിന് കാഷ്ഠാ എന്നു പേരുണ്ട്. ഭഗവതിതന്നെ ആണ്  അത്.
3, ശിവൻ്റെ അഷ്ടമൂർത്തികളിൽ  ഭീമനെന്ന് പേരുള്ള ആകാശസ്വരൂപത്തിൻ്റെ ഭാര്യ ദിക്സ്വരൂപം കാരണം കാഷ്ഠാ എന്ന് അറിയപ്പെടുന്നു.
4, മരമഞ്ഞൾ എന്നും അർത്ഥമാകാം. ഇത് ശിവശക്ത്യാത്മകം ആണെന്ന് പറയപ്പെടുന്നു. ഭഗവതി ശിവശക്ത്യാത്മിക ആണല്ലോ.
5, പരിധിക്കും അപ്പുറം ഉള്ളതിനേയും കാഷ്ഠാ എന്നു പറയാം. പുരുഷസൂക്തത്തിൽ പറയപ്പെടുന്നപോലെ അത്യതിഷ്ഠദ്ദശാംഗുലം എന്ന അർത്ഥംകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം ഭഗവതി തന്നെ.


Monday, July 20, 2020

858, കൽപ്പനാരഹിതാ

1, കൽപ്പനയില്ലാത്തവൾ. വാസനകാരണം ദൃശ്യങ്ങളിൽനിന്ന് സമ്പാദിക്കപ്പെടുന്ന കൽപ്പന അഥവാ സങ്കൽപ്പങ്ങൾ ഇല്ലാത്തവൾ. നമ്മുടെ വാസന കാരണമാണ് ഒരു വിഷയം ഇഷ്ടമാണെന്നും അനിഷ്ടമാണെന്നുമൊക്കയുള്ള സങ്കൽപ്പപരമ്പര ഉണ്ടാകുന്നത്.
2, കൽപ്പ  നാര ഹിതാ. കൽപ്പത്തിൽപ്പോലും മനുഷ്യർക്ക് ഹിതം ചെയ്യുന്നവൾ. കൽപ്പകാലത്ത് എല്ലാം ഉൾവലിക്കുമ്പോൾ നാരമായ ഹിതം ചെയ്യുന്നവൾ. നാരം നരന്മാരെ സംബന്ധിച്ചത്.  

857, ഗാനലോലുപാ

1, ഗാനത്തിൽ ലോലുപ. ഗാനത്തിൽ കമ്പമുള്ളവൾ. തതം ആനദ്ധം സുഷിരം ഘനം എന്നവയെല്ലാം ചേർന്ന ഗാനം. തതം എന്നതിനെ തന്ത്രീവാദ്യം എന്നും,  ആനദ്ധത്തെ ചർമ്മവാദ്യമെന്നും, കൂഴൽ മുതലായതിനെ സുഷിരവാദ്യമെന്നും, ഇലത്താളം മുതലായ ലോഹവാദ്യത്തിനെ ഘനം എന്നും പറയാം. അതായത് ഉപകരണസംഗീതം വായ്പ്പാട്ട് എന്നിവകളിൽ ലോലുപാ 

Saturday, March 21, 2020

856, ഗർവ്വിതാ

1, വിശ്വസൃഷ്ടിക്കുകാരണമായ പരാഹന്തയോടു കൂടിയവൾ.

855, ഗഗനാന്തസ്ഥാ

1, സാധാരണ നമ്മൾ ആകാശം എന്നു വ്യവഹരിക്കുന്ന ഭൂതത്തിലും, ഹൃദയാന്തർഭാഗത്തുള്ള അത്യന്തസൂക്ഷമമായ ആകാശത്തിലും, പരമാകാശമെന്ന സത്യത്തിനും അന്തർഭാഗത്ത് സ്ഥിതിചെയ്യുന്നവൾ
2, ഗഗനത്തിൻറെ അന്തത്തിൽ സ്ഥിതിചെയ്യുന്നവൾ. ആകാശഭൂതം കൂടി നശിച്ചുകഴിഞ്ഞ അവസ്ഥയിലും സ്ഥിതിചെയ്യുന്ന സത്യമൂർത്തി.
3, അല്ലെങ്കിൽ പഞ്ചഭൂതങ്ങളുടെ ബീജരൂപാ എന്നും ആകാം. ഗഗനം എന്നത് ആകാശബീജമായ ഹം എന്നാണ്. അന്തസ്ഥങ്ങൾ എന്ന് പ്രസിദ്ധമായ യരലവ എന്നിവ മറ്റുഭൂതങ്ങളുടെ ബീജങ്ങളാണ്. യം എന്നത് വായുവിൻറേയും, രം അഗ്നിയുടേയും ലം ഭൂമിയുടേയും വം ജലത്തിൻറേയും ബീജങ്ങളാണ് ഇതിനേയും ഈ നാമം സൂചിപ്പിക്കുന്നു.

Friday, March 20, 2020

854, ഗംഭീരാ

1, ഗംഭീരൻ എന്നതിന് ശിവൻ എന്നൊരു അർത്ഥം ഉണ്ട്. അതിനാൽ ശിവസ്വരൂപാ.
2, ഗംഭീരശബ്ദത്തിന് അഗാധമായത് എന്നും അർത്ഥമുണ്ട്. ഈ പ്രപഞ്ചം മുഴുവൻ മുങ്ങിക്കടക്കുന്നത് ഭഗവതിയുടെ ഗംഭീരതയിലാണ്. അതിനാൽ ഗംഭീരാ
3, ഗം എന്നത് ഗണപതിയെ സൂചിപ്പിക്കുന്നതാണ്. ഗണപതിയുടെ ഭീതിയെ കളയുന്നവൾ. രണ്ടുവിധത്തിൽ അർത്ഥം വരാം. എല്ലാവിഘ്നങ്ങളും അകറ്റുന്ന ഗണപതിക്ക് ഉണ്ടാകുന്ന ഭയത്തെ അമ്മയായ ഭഗവതിയാണല്ലോ അകറ്റുന്നത്.
4, വിഘ്നകർത്താവായ ഗണപതിയിൽനിന്ന് വരുന്ന ഭയത്തേയും ജഗജ്ജനനിയായ ഭഗവതി ഒഴിവാക്കിത്തരും.

853, ശാന്ത്യതീതകലാത്മികാ

1, ആകാശാത്മികയാണ് ശാന്ത്യതീതകലാ എന്ന് കാണുന്നു. ദ്വതബോധം അശേഷം അങ്കുരിക്കാത്ത പരമാനന്ദം ആണ് ശാന്ത്യതീതകലാ. അത് സ്വരൂപമായുള്ളവൾ.

852, സർവ്വോപനിഷദുദ്ഘുഷ്ടാ

1, എല്ലാ ഉപനിഷത്തുകളാലും ഉദ്ഘോഷിക്കപ്പെടുന്നവൾ. വളരെ ഉന്നതമായ ചിന്തകൾ വെളിപ്പെടുത്തുന്നവയാണ് ഉപനിഷത്തുകൾ. അവയെല്ലാം ആത്യന്തികമായി ഒരേ വസ്തുവെ ആണ് ഉദ്ഘോഷിക്കുന്നത്. അത് പരബ്രഹ്മമായ ഭഗവതി തന്നെ

Friday, January 24, 2020

851, ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ

1, ജനനം, മരണം, ജര എന്നിവകൊണ്ട് വിശമിക്കുന്ന ജനങ്ങൾക്ക് വിശ്രാന്തി ദാനം ചെയ്യുന്നവൾ. ജനനവും മരണവും ജനനം മുതൽ മരണം വരെ ആക്രമിക്കുന്ന ജരയും ജനങ്ങൾക്കുണ്ടാക്കുന്ന വിഷമം കുറച്ചൊന്നും അല്ല. ഈ വിഷമങ്ങളിൽനിന്ന് ഉള്ള രക്ഷയായ മോക്ഷം അഥവാ ആത്മജ്ഞാനം തരുന്നതിൽ ഭഗവതിക്ക് ഒരു വിഷമവും ഇല്ല.

850, വർണ്ണരൂപിണീ

1, അക്ഷരങ്ങളാൽ ഉള്ള ദേഹം ഉള്ളവൾ.
2, ബ്രാഹ്മണാദി വർണ്ണങ്ങൾ ദേഹമായിട്ടുള്ളവൾ.
3, പലനിറത്തിലുള്ള രൂപങ്ങളുള്ളവൾ. കല്ല് മണ്ണ പുല്ല് പുഴുക്കൾ തുടങ്ങി പ്രപഞ്ചത്തിലുള്ള ഭഗവതിയുടെ രൂപങ്ങൾ എത്രനിറത്തിലുള്ളവയാണെന്ന് സങ്കൽപ്പിക്കാൻ പോലും എത്രജന്മം വേണ്ടിവരും എന്നറിയില്ല.

Thursday, January 23, 2020

849, ഉദ്ദാമവൈഭവാ

1, കയറിനടങ്ങാത്ത വൈഭവം ഉള്ളവൾ.
2, ഉദ്ദാമൻ വരുണൻ. വരുണൻറെ സമ്പത്തുള്ളവൾ
3, ഉദ്ദാമൻ യമൻ. യമൻറെ മേൽ വിഭുത്വം ഉള്ളവൾ. 

848, ഉദാരകീർത്തിഃ

1, ഉൽകൃഷ്ടമായ കീർത്തിയുള്ളവൾ.
2, ദാനശീലത്തിൽ കീർത്തിയുള്ളവൾ
3, ഉദ് എന്നതിന് ഉത്കൃഷ്ടം എന്നോ സർവ്വവ്യാപി എന്നോ അർത്ഥമാക്കാം. ആരശബ്ദത്തിന് ശീഘ്രം എന്നർത്ഥം വരാം. ഉത്കൃഷ്ടവും വളരെവേഗം ഉണ്ടാവുന്നതുമായ കീർത്തി യാതൊരുവളാൽ അഥവാ യാതൊരുവളുടെ കൃപയാൽ അവൾ ഉദാരകീർത്തി. ഭഗവതിയെ ഭജിച്ചാൽ വളരെ പെട്ടെന്ന് ഉന്നതമായ കീർത്തി ലഭിക്കുമോന്ന് അർത്ഥം.
4, ആരശബ്ദത്തിന് കുജൻ ശനി എന്നെല്ലാം അർത്ഥമുണ്ട്. കീർത്തി എന്നതിന് ശബ്ദം എന്നും അർത്ഥം ഉണ്ട്. ഉദ് എന്നതിന് മേലെ പോകുന്നത്. ചൊവ്വ ശനി എന്നിങ്ങനെ ഉള്ള ദുഷ്ടഗ്രഹങ്ങളുടെ പേരിനുപോലും മേലെ ഉള്ളത്. ഭഗവതി ഏത് ദുഷ്ടഗ്രഹങ്ങൾക്കും മേലെ ആയതുകൊണ്ട് ഭക്തന്മാർക്ക് ദുഷ്ടഗ്രഹബാധഉണ്ടാകുകയേ ഇല്ല.


Thursday, January 9, 2020

847, തലോദരീ

1, തലം കരതലം അതിതിൽ ഒതുങ്ങുന്ന ഉദരം ഉള്ളവൾ.
2, താഴ്ന്ന ഉദരമുള്ളവൾ
3, മന്ത്രസാരാfതലോദരീ എന്ന് അതലോദരീ എന്നാക്കുകയാണെങ്കിൽ
ഭഗവതിയുടെ വിരാഡ്രൂപത്തിൽ അതലം ഉദരഭാഗത്ത് വരുമെന്ന് സൂചിപ്പിക്കുന്നു.

846, മന്ത്രസാരാ

1, മന്ത്രങ്ങളുടെ സാരം ആയിട്ടുള്ളവൾ. വേദമന്ത്രങ്ങളുടേയും താന്ത്രികമന്ത്രങ്ങളുടേയും സാരമായിട്ടുള്ളവൾ


Friday, January 3, 2020

845, ശാസ്ത്രസാരാ.

1, എല്ലാവിജ്ഞാനത്തിൻറേയും സാരമായിട്ടുള്ളവൾ.
2, ശാസ്ത്രത്തിന് ആജ്ഞാ എന്നൊരു അർത്ഥം. ശ്രുതിസ്മൃതിമുതലായവകളിലെ വിധികളുടെ ശരിക്കുള്ള അർത്ഥം അല്ലെങ്കിൽ പ്രയോജനം മോക്ഷപ്രാപ്തിയാണല്ലോ. ഭഗവതിയാണ് മോക്ഷപദം.

844, ഛന്ദസ്സാരാ

1, ഛന്ദസ്സിൻറെ സാരമായിട്ടുള്ളവൾ. ഛന്ദസ്സ് വേദം. വേദത്തിൻറെ സാരമായിട്ടുള്ളവൾ.
2, സ്വൈരാചാരം എന്ന് ഛന്ദഃ ശബ്ദത്തിന് അർത്ഥം ഉണ്ട്. സ്വൈരാചാരത്തിൻറെ സ്വരൂപം ഭഗവതിതന്നെ. ഭഗവതിയുടെ ആചാരത്തിന് തടയിടാൻ ആരുണ്ട്.
3, സാരശബ്ദത്തിന്ന് ചൂതുകളിക്കാരൻ എന്നും അർത്ഥം. സ്വൈരാചാരിണിയായ ചൂതുകളിക്കാരി. ഭഗവതിയുടെ പകിടകളിയായ പ്രപഞ്ചത്തിൽ പ്രതിയോഗികൾക്കു മാത്രമേ നിയമങ്ങളുള്ളൂ.

Thursday, January 2, 2020

843, ഭവചക്രപ്രവർത്തിനീ

1,  ഭവമാകുന്ന ചക്രം പ്രവർത്തിപ്പിക്കുന്നവൾ സംസാരചക്രം പ്രവർത്തിപ്പിയ്ക്കുന്നവൾ.
2, ചക്രത്തിന് രാജ്യം എന്നൊരു അർത്ഥം. ഭവൻറെ ചക്രം പ്രവർത്തിപ്പിക്കുന്നവൾ. ശിവൻറെ രാജ്യായ പ്രപഞ്ചം മുഴുവൻ പ്രവർത്തിപ്പിയ്ക്കുന്നത് ശക്തിയായ ഭഗവതിതന്നെ.
3, ചക്രം എന്നതിന് ചുഴി എന്നും അർത്ഥമുണ്ട്. സംസാരമാകുന്ന ചുഴി പ്രവർത്തിപ്പിയ്ക്കുന്നവൾ.

Monday, December 30, 2019

842, ഭവരോഗഘ്നീ

1, ഭവമാകുന്ന രോഗം ഇല്ലാതാക്കുന്നവൾ. സംസാരമാകുന്ന രോഗം ഇല്ലാതാക്കുന്നവൾ.
2, ഭവത്തിലെ രോഗങ്ങൾ ഇല്ലാതാക്കുന്നവൾ എന്നും ആകാം. സംസാരികളാകുന്ന ജനങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ ഇല്ലാതാക്കുന്നവൾ.
3, ഭവം എന്നതിന് ഉണ്ടാകാൻ പോകുന്നവ എന്ന് അർത്ഥം ഉണ്ട്. ഉണ്ടായതിനും ഉണ്ടായിക്കൊണ്ടിരിക്കുന്നവയും ആയ രോഗങ്ങൾ മാത്രമല്ല, ഉണ്ടാകാൻ പോകുന്നവയും ഇല്ലാതാക്കുന്നവൾ.

841, ഭാവജ്ഞാ

1, ഭാവം, മനോഭാവം അറിയുന്നവൾ. എല്ലാവരുടേയും മനസ്സിലിരിപ്പ് അറിയാവുന്നവൾ.
2, നാട്യശാസ്ത്രസംഹന്ധിയായ ഭാവങ്ങൾ അറിയാവുന്നവൾ.
3, ധർമ്മം ഭാവമാണെന്നു പറയുന്നു. ധർമ്മം അറിയാവുന്നവൾ.
4, ധ്യാനം എന്നും ഭാവത്തിന് അർത്ഥം ആവാം. ധ്യാനിക്കുന്നതേ അറിയുന്നവൾ.


840, മൂലവിഗ്രഹരൂപിണീ

1, പലവിധത്തിലുള്ള മൂലമന്ത്രങ്ങൾ ഉണ്ടായിവന്നത് ഭഗവതിയുടെ രൂപത്തിൽനിന്നാണ്. അതിനാൽ മൂലവിഗ്രഹൂപിണി.
2, വിഗ്രഹം എന്നതിന് ശരീരം എന്ന് അർത്ഥം ഉണ്ട്. പ്രപഞ്ചത്തിലെ എല്ലാശരീരങ്ങൾക്കും കാരണം ഭഗവതിയാണെന്ും അർത്ഥം വരാം.
3, വിഗ്രഹത്തിന് യുദ്ധം എന്നും അർത്ഥം വരാം. എല്ലാ യുദ്ധങ്ങൾക്കും കാരണം രണ്ട് എന്ന തോന്നലുണ്ടാക്കുന്ന മായ തന്നെ.

Saturday, February 16, 2019

839, മുക്തിനിലയാ

1, മുക്തിക്ക് നിലയമായിട്ടുള്ളവൾ. മുക്തിതന്നെ ഭഗവതിയെ ആശ്രയിച്ചാണല്ലോ നിൽക്കുന്നത്.
2, സാർഷ്ടി, സാരൂപ്യം, സാലോക്യം, സാമീപ്യം, ഐക്യം എന്നീ പഞ്ചവിധ മുക്തിരൂപിണി

Friday, December 21, 2018

838, മുകുന്ദാ

1, മുക്തി തരുന്നവൾ
2, വിഷ്ണുസ്വരൂപാ
3, അമൂല്യമായ ഒരുതരം രത്നത്തെ മുകുന്ദശബ്ദംകൊണ്ട് പറയാം. അതും ഭഗവതിയുടെ രൂപാന്തരം തന്നെ.

Thursday, December 20, 2018

837, വിയത്പ്രസൂഃ

1, ആകാശത്തെ പ്രസവിക്കുന്നവൾ. ആദ്യഭൂതമായ ആകാശത്തിനെ ഉണ്ടാക്കുന്നത് ഭഗവതിയാണ്.
2, വിയത് എന്നുള്ളതിന് ദ്യാവാപൃഥിവകൾ അതായത് ആശാവും ഭൂമിയും എന്നും അർത്ഥമുണ്ട്. ആകാശത്തേയും പൃഥിവിയേയും ജനിപ്പിച്ചത് ഭഗവതിതന്നെ.
3, ആകാശഗാമി എന്നും അർത്ഥം വരാം. സൂര്യൻ തുടങ്ങി വലിയവയും കൊതുകടക്കം ചെറിയവയും ആകാശഗാമികൾ തന്നെ. എല്ലാവരും ഭഗവതിയുടെ സന്താനങ്ങൾ
4, ഗമിക്കുന്നത് എന്നും അർത്ഥമുണ്ട്. എങ്ങോട്ടെന്നില്ലാതെ ചലിക്കുന്ന ഈ പ്രപഞ്ചമേ ഭഗവതിയുടെ സൃഷ്ടിയാണല്ലോ.

Wednesday, December 19, 2018

836, വീരമാതാ

1, വീരന്‍മാരുടെ മാതാവ്. യുദ്ധത്തിൽ വീരഗതി പ്രപിക്കുന്നവരുടേയും, സാധനകൊണ്ട് വീരത്വം കിട്ടുന്നവരുടേയും അമ്മ.
2, വീരം എന്ന് ഒരു മദ്യപാനപാത്രം ഉണ്ട്. അതിൽ അളക്കപ്പെടുന്നവൾ. ഭഗവതി ഒരു ലഹരിയാണ്.
3, വീരൻ എന്ന് ഗണേശ്വരനെ പുത്രനാക്കിയവളാണ് ഭഗവതി.

835, വിവിക്തസ്ഥാ

1, നിർജ്ജനസ്ഥാനത്ത് സ്ഥിതിചെയ്യുന്നവൾ. ഭഗവതി മാത്രമേ സത്യത്തിൽ ഉള്ളൂ. അത്കൊണ്ട് ഭഗവതിയെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം നിർജ്ജനദേശം തന്നെ.
2, വിവിക്തസ്ഥാനം പവിത്രമായിട്ടുള്ളതാണ്. പവിത്രമായിട്ടുള്ള സ്ഥലത്ത് ഭഗവിതിയുണ്ടാകും.
3, തപസ്സ് ചെയ്ത് ഭഗവതിയെ പ്രത്യക്ഷപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ നിർജ്ജനസ്ഥാനത്ത് സാധനചെയ്താൽ ഫലസിദ്ധി വളരെ വേഗം ആകും. എന്തെന്നാൽ ഭഗവതി വിവിക്തസ്ഥയാണ്.

Tuesday, December 18, 2018

834, വിശൃംഖലാ

1, ഭക്തജനങ്ങളുടെ കർമ്മബന്ധമായ ചങ്ങലകൾ ഇല്ലാതാക്കുന്നവൾ
2, ശൃംഖലാ എന്നതിന് കടീതടത്തിലുള്ള വസ്ത്രബന്ധത്തിനുള്ള ചരട് എന്ന് അർത്ഥം ഉണ്ട്. കടീതടത്തിലുള്ള വസ്ത്രബന്ധനം ഇല്ലാത്തവൾ. അഥവാ നഗ്നാ എന്നും അർത്ഥം വരാം. പ്രകൃതീദേവിയേപ്പോലെ നഗ്നയായിട്ട് എന്തുണ്ട്.

833, പഞ്ചാശത്പീഠരൂപിണീ

1, ശ്രീവിദ്യാസംപ്രദായത്തിലുള്ള അമ്പത്തൊന്ന് പീഠങ്ങളുണ്ട്. അതെല്ലാം തന്നെ ഭഗവതിയുടെ രൂപങ്ങളാണ്.

Monday, December 17, 2018

832, പ്രാണദാത്രീ

1, പ്രാണൻ കൊടുക്കുന്നവൾ. ലോകത്തിലുള്ളു എല്ലാവർക്കും പ്രാണൻ അഥവാ ജീവൻ കൊടുക്കുന്നവൾ
2, പ്രാണന് ഇന്ദ്രിയമെന്ന് അർത്ഥം പറയാം. എല്ലാ ഇന്ദ്രിയങ്ങളും തന്ന് ഈ ലോകം ആസ്വദിക്കാറാക്കുന്നത് ഭഗവതിയാണ്.

Wednesday, December 12, 2018

831, പ്രാണേശ്വരീ

1, പ്രാണശബ്ദത്തിന് ഇന്ദ്രിയം എന്നൊരു അർത്ഥം. ഇന്ദ്രിയങ്ങൾ എല്ലാം പ്രതിഷ്ഠിക്കപ്പെട്ടുള്ളത് മനസ്സിലാണല്ലോ. നമുക്ക് പിടിതരാത്ത മനസ്സിൻറെ രൂപത്തിലുള്ളത് ഭഗവതിതന്നെ.
2, പ്രാണങ്ങൾക്ക് ഈശ്വരിയായ ഭഗവതി ജീവൻ തന്നെ.
3, അണ് ധാതുവിന് ശബ്‌ദിക്കുക എന്ന് അർത്ഥം. പ്രകൃഷ്ടശബ്ദമായ വേദങ്ങൾക്ക് ഈശ്വരി.

830, പ്രകടാകൃതിഃ

1, ഭഗവതിയെ എല്ലാവരും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഭഗവതിയാണെന്നറിഞ്ഞിട്ടല്ല എന്നു മാത്രം. അങ്ങിനെ എല്ലാവർക്കും പ്രകടമായ സ്വരൂപം  ഉള്ളവൾ
2, പ്രകടാ എന്നൊരു ദേവതയുണ്ട് ഭഗവതിയുടെ പരിവാരത്തിൽ. ആ സ്വരൂപത്തിലുള്ളതും ഭഗവതിതന്നെ.
3, അപ്രകടാകൃതിഃ എന്നു പദം മുറിക്കാം. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളിൽ അപ്രത്യക്ഷരൂപത്തിൽ രൂപത്തിലുള്ളവൾ എന്ന് അർത്ഥമാകാം.
4, അപ്രകടാകൃതിഃ എന്നതിന് അപ്പുകളിൽ പ്രകടമായ ആകൃതിയോടുകൂടിയവൾ എന്നും അർത്ഥം വരാം. ജലത്തിൽ ഭഗവതിയുടെ പ്രകടമായ സാന്നിദ്ധ്യം ഉണ്ട്. ജീവന് ആധാരം ജലമാണെന്നത് പ്രസിദ്ധം. എല്ലാജീവൻറേയും ആധാരം ഭഗവതിതന്നെ.

829, പ്രതിഷ്ഠാ

1, ആശ്രയം എന്നൊരു അർത്ഥം പ്രതിഷ്ഠയ്ക്കുണ്ട്. ലോകത്തിനെല്ലാം അധിഷ്ഠാനമായതിനാൽ പ്രതിഷ്ഠാ
2, പതിനാറക്ഷരമുള്ള വൃത്തം അഥവാ ഛന്ദസ്സിന് പ്രതിഷ്ഠാ എന്നു പേരുണ്ട്.  നാലക്ഷരം ഒരു പാദമായ വൃത്തമാണ് പ്രതിഷ്ഠ. എല്ലാവൃത്തവും ഭഗവതിതന്നെ.
3, ജലം എന്ന തത്വത്തിൻറെ സ്വഭാവം എന്നോ അവസ്ഥ എന്നോ പറയാവുന്ന നിഷ്ഠ പ്രതിഷ്ഠയാണ്.
4, വ്രതത്തിൻറെ അവസാനത്തെ പ്രതിഷ്ഠാ എന്നു പറയും. ഒരു വ്രതം വേണ്ടവണ്ണം അവസാനിക്കുമ്പോൾ അവിടെ ദേവീസാന്നിദ്ധ്യം ഉണ്ടാകും.
5, ഭൂമി എന്നും അർത്ഥം വരാം. ജീവജാലങ്ങൾക്കെല്ലാം അധിഷ്ഠാനമായ ഭൂമി ഭഗവതിതന്നെ.

Tuesday, December 11, 2018

828, ആജ്ഞാ

1, ഭഗവാൻറെ ഇച്ഛയുടെ രൂപത്തിലുള്ളവൾ
2, ഗുണഭോക്താവായ പുരുഷൻ എന്ന് ജ്ഞ ശബ്ദത്തിന് അർത്ഥമുണ്ട്. ഗുണഭോക്താവായ പുരുഷസ്വരൂപത്തിലുള്ളവൾ

827, പ്രചണ്ഡാ

1, പ്രകൃഷ്ടരായ ചണ്ഡന്‍മാരാണ് ദൂതന്മാർ യാതൊരുവൾക്ക് അവൾ പ്രചണ്ഡാ. ഭഗവതിയുടെ ദൂതർ തന്നെ വലിയ കോപക്കാരാണെങ്കിൽ ഭഗവതിയെ കുറിച്ച് പറയാനില്ലല്ലോ.
2, പ്രകൃഷ്ടമാണ് ശംഖപുഷ്പം യാതൊരുവൾക്ക്. ഭഗവതിക്ക് ശംഖപുഷ്പം ഇഷ്ടമാണത്രേ.
3, പ്രതാപമുള്ളവൾ എന്നും ആകാം

Monday, December 10, 2018

826, പ്രസവിത്രീ

1, ആകാശാദി ഭൂതങ്ങളെ ജനിപ്പിച്ചവൾ.
2, ബ്രഹ്മാദിസ്തംബപര്യന്ത്യം ഉള്ളവസ്തുക്കളെ ജനിപ്പിക്കുന്നവൾ.

825, ബുധാർച്ചിതാ

1, ബുധന്മാരാൽ അർച്ചിക്കപ്പെടുന്നവൾ. വിദ്വാന്മാരാൽ അഥവാ ജ്ഞാനികളാൽ ആരാധിക്കപ്പെടുന്നവൾ.

824, ബഹുരൂപാ

1, അനവധിരൂപങ്ങളുള്ളവൾ. പ്രപഞ്ചത്തിൽ കാണുന്നതെല്ലാം മായയായിരിക്കുന്ന ദേവിയുടെ രൂപങ്ങളാണ്.
2, ബഹുരൂപൻ എന്ന് ശിവന് പേരുണ്ട്. ശിവൻറെ പത്നിയായതുകൊണ്ട് ബഹുരൂപാ. 

823, ജനനീ

1, എല്ലാപ്രപഞ്ചത്തിൻറേയും അമ്മയാകകൊണ്ട് ജനനീ.
2, സാധകൻറെ മനസ്സിൽ ഭഗവതിക്ക് എപ്പോഴും ഭഗവതിക്ക് അമ്മയുടെ സ്ഥാനം ഉള്ളതുകൊണ്ട് ജനനീ.
ബ്രഹ്മജനനീ എന്ന് പദം മുറിക്കാറുണ്ട്. ആപക്ഷത്തിൽ ബ്രഹ്മത്തിന് മുൻ പറഞ്ഞ എല്ലാഅർത്ഥങ്ങളും. അതിനെല്ലാം അമ്മയായിരിക്കുന്നവൾ എന്ന് വരും.

822, ബ്രഹ്മ

1, പരബ്രഹ്മം.
2, വേദസ്വരൂപിണീ എന്നുമാകാം.
3, ധനം, ഭക്ഷണം എന്നെല്ലാം ബ്രഹ്മശബ്ദത്തിന് അർത്ഥം ഉണ്ട്. അതെല്ലാം ഭഗവതിയുടെ രൂപങ്ങൾ തന്നെ

Wednesday, December 5, 2018

821, ബ്രഹ്മാണീ

1, ബ്രഹ്മത്തിൻറെ പുച്ഛം. പുച്ഛ് എന്ന ധാതുവിന് പ്രമാണമാവുക, പ്രസാദിക്കുക എന്നീ അർത്ഥങ്ങളുണ്ട്. ബ്രഹ്മത്തിൻറെ പ്രമാണം ഭഗവതി തന്നെ. ബ്രഹ്മത്തിൻറെ പ്രസാദിച്ച അവസ്ഥയും ഭഗവതിതന്നെ.
2, ആനന്ദമയമായ ബ്രഹ്മത്തിൻറെ ശക്തി.
3, ബ്രഹ്മാവിൻറെ സ്ത്രീ എന്നു ആകാം.

Tuesday, December 4, 2018

820, സതീ

1, പതിവ്രത്യത്തോടുകൂടിയവൾ
2, ദക്ഷപുത്രിയായ സതീ. സതി ശ്രീപരമേശ്വരൻറെ സഹധർമ്മിണിയാണ് ദക്ഷപുത്രിയായ സതി.
3, സദ്രൂപാ. ഉൺമ. ഉൺമയായത് ഭഗവതിതന്നെ

819, സർവ്വാന്തർയാമിണീ

1, എല്ലാവരുടേയും ഉള്ളിൽ സ്ഥിതിചെയ്യുന്നവൾ

818, സത്യരൂപാ

1, സത്യം സ്വരൂപമായിട്ടുള്ളവൾ. മൂന്നുകാലത്തിനും അതീതമായിരിക്കുന്ന  സത്യം ഒരുകാലത്തും മാറ്റം വരാത്തതാണ്. അത് ഭഗവതിയുടെ രൂപം മാത്രമാണ്.
2, സനാതനസത്യത്തിൻറെ പ്രതിബിംബം എന്നു അർത്ഥമാകാം. സനാതനസത്യത്തിൻറെ പ്രതിബിംബം ആ. പ്രാതിഭാസികസത്യവും ഭഗവതി തന്നെ

Monday, December 3, 2018

817, സത്യവ്രതാ

1, സത്യം വ്രതമായിട്ടുള്ളവൾ
2, കൃച്ഛ്രം മുതലായ വ്രതമാചരിക്കുമ്പോൾ ഇന്നതേ ഭക്ഷിക്കാവൂ എന്നുണ്ട്. ആ ഭക്ഷണത്തിന് വ്രതം എന്നാണ് പറയുക. ഭഗവതിയുടെ വ്രതം അഥവാ ഭക്ഷണം സത്യമാണ്.
3, സത്യവ്രതൻ എന്ന മൂഢനായ ബ്രാഹ്മണൻ സൂകരത്തിൻറെ ശബ്ദം അനുകരിച്ച് ഏ ഏ എന്നു പറഞ്ഞുകൊണ്ടിരുന്നു. ആ അക്ഷരം ഭഗവതിയുടെ മന്ത്രത്തിലെ അക്ഷരമായതുകൊണ്ട് ഭഗവതി ആ ബ്രാഹ്മണനെ കവിസാർവ്വഭൌമനാക്കിത്തീർത്തു. ഭക്തനും ഭഗവതിക്കും അഭേദം ഉണ്ടാകകൊണ്ട് സത്യവ്രതാ.

816, മുനിമാനസഹംസികാ

1, മുനികളുടെ മാനസ ത്തിൽ ഹംസികയായിട്ടുള്ളവൾ. മുനികളുടെ മാനസമായിരിക്കുന്ന മാനസസരോവരത്തിൽ നിർബ്ബാധം വസിക്കുന്ന അരയന്നമാണ് ഭഗവതി.
2, ഹംസകശബ്ദത്തിന് നൂപുരം, ചിലങ്ക എന്നെല്ലാം അർത്ഥമാകാം. മുനികളുടെ മാനത്തിൽ ഹംസകത്തോടു കൂടിയവൾ. മുനിയായിരിക്കുക എന്ന അഭിമാനത്തിനു മുന്നിൽ ചിലങ്കകെട്ടി ആടാൻ തക്കവണ്ണം തൃപ്തിയുള്ളവളാണ് ഭഗവതി. ഒരാൾ മുനിയായാൽ ഏറ്റവും സന്തോഷിക്കുന്നവളാണ് ഭഗവതി.
3, മത്സ്യാവതാരത്തിന് കാരണമായിത്തീർന്ന സത്യവ്രതരാജാവിൻറെ രൂപത്തിലുള്ളതും ഭഗവതിന്നെ

815, അനിത്യതൃപ്താ

1, അനിത്യങ്ങളായ ഉപചാരങ്ങളേക്കൊണ്ട് തൃപ്തിയടയുന്നവൾ. നിത്യാന്ദസ്വരൂപയായ ദേവി ഭക്തരുടെ ധൂപം നിവേദ്യം മുതലായ അനിത്യോപഹാരങ്ങളാൽ കാരുണ്യപൂർവ്വം തൃപ്തിപ്പെടുന്നു.
2, അനിതി എന്നതിന് ശ്വസിക്കുക എന്ന് അർത്ഥം. ശ്വസിക്കുന്നവ ജീവികൾ. ജീവികളേക്കൊണ്ട് അതൃപ്താ. ചരാചരങ്ങളെ എല്ലാം ഭക്ഷിക്കുന്ന പ്രകൃതി ഭഗവതിതന്നെ.

814, അമൂർത്താ


1, സ്വരൂപം ഇല്ലാത്തവൾ
2, അപഞ്ചീകൃതങ്ങളായ പഞ്ചഭൂതങ്ങളെ അമൂർത്തങ്ങൾ എന്ന പറയും അവ ഭഗവതിയുടെ തന്നെ രൂപമാണ്. 

Wednesday, November 7, 2018

813, മൂർത്താ

1,സ്വരൂപം ഉള്ളവൾ.
2, പഞ്ചഭൂതങ്ങൾ പഞ്ചീകൃതം എന്നും അപഞ്ചീകൃതം എന്നും രണ്ടു വിധം ഉണ്ട്. അവയിൽ പഞ്ചീകൃതങ്ങൾ മൂർത്തങ്ങളാണ്. അവയുടെ രൂപത്തിലുള്ളതും ഭഗവതി തന്നെ.

812, പരമന്ത്രവിഭേദിനീ

1, പരന്മാരുടെ മന്ത്രത്തെ വിഭേദനം ചെയ്യുന്നവൾ. ശത്രുക്കളുടെ ദുർമ്മന്ത്രങ്ങൾ ൻല്ലാതാക്കുന്നവൾ.
2, ഉന്നതമായ മന്ത്രമാണ് പഞ്ചദശി. അത് ആചാര്യഭേദമനുസരിച്ച് പല സംപ്രദായമായി വകതിരിഞ്ഞിട്ടുണ്ട്. ആ ഭേദം വരുത്തിയത് ഭഗവതിതന്നെ.
3,
ഉൽകൃഷ്ടന്മാരായ മന്താക്കളുടെ ഉപാസകരുടെ അവിയെ പാപത്തെ പൊളിക്കുന്നവൾ.

Tuesday, November 6, 2018

811, പാശഹന്ത്രീ

1, പാശം ഇല്ലാതാക്കുന്നവൾ. ഭക്തന്‍മാരുടെ ആശാപാശത്തെ ഇല്ലാതാക്കുന്നവൾ.
2, പാശയോഗം എന്നൊരു യോഗം ഉണ്ട്. അത് മൂലം സുഖം അനുഭവിക്കുന്ന ശത്രുക്കൾക്ക് പാശയോഗഫലം ഇല്ലാതാക്കുന്നവൾ
3,
ഘൃണാ ശങ്കാ ഭയം ലജ്ജാ ജുഗുപ്സാ കുലം ശീലം ജാതി എന്നിവയെല്ലാം സാധകനെ സംബന്ധിച്ചിടത്തോളം പാശങ്ങളാണ്. അവയെ നശിപ്പിക്കുന്നവൾ

810, പാശഹസ്താ

1, പാശം കയ്യിലുള്ളവൾ. ആയുധമെന്നരൂപത്തിൽ പാശം ധരിക്കുന്നവൾ.
2, പാശത്തെ അഴിച്ചു കളയുന്നവൾ എന്നൊരു അർത്ഥം കൂടി കാണുന്നു.

809, പരാത്പരാ

1, പരന്മാരിൽനിന്നും പരാ. ബ്രഹ്മാവിഷ്ണമഹേശ്വരന്മാരെ ആണ് ഏറ്റവും ഉന്നതാരായി കണക്കാക്കിയിരിക്കുന്നത്. അവരിൽനിന്നും ഉന്നതയാണ് ഭഗവതി.
2, ബ്രഹ്മാവിൻറെ ആയുസ്സിനെ പരം എന്നു പറയും. അതാണ് ഏറ്റവും വലിയ സംഖ്യ. അതുതന്നെ മനസ്സിലാക്കാൻ പറ്റാത്തവിധം വലിയതാണ്. അതിലും മേലെ ഉള്ള സംഖ്യയാണ് ഭഗവതി.

Monday, November 5, 2018

808, പരമാണുഃ

1, ഏറ്റവും സൂക്ഷ്മമായ അണു. സ്ഥൂലവസ്തുക്കളെ വിഭജിച്ച് വിഭജിച്ച് പോയാൽ അവസാനം കിട്ടുന്ന വസ്തുവിനെ സൂക്ഷ്മാണു എന്നു പറയും. ആ സൂക്ഷ്മാണുവിലും ഭഗവതിതന്നെ ആണ് ഉള്ളത്.
2, കാലത്തിൻറെ ഒരളവിനേയും പരമാണു എന്നു പറയും. കാലം തന്നെ ദേവിയുടെ സ്വരൂപമായതിനാൽ കാലത്തിൻറെ ചെറിയ അളവിലും ദേവിതന്നെ ആണ് ഉണ്ടാകുക.
3,
അണു എന്നതിന് മന്ത്രം എന്നും അർത്ഥമുണ്ട്. അതിനാൽ ഉന്നതമായ മന്ത്രം എന്നും അർത്ഥമാകാം.

807, പരംധാമ

1, പരമയായ ജ്യോതിസ്സ് അഥവാ പ്രകാശം ഭഗവതിയാണ്.
2, ധാമശബ്ദത്തിന് ഗൃഹം എന്നും അർത്ഥമുണ്ട്. ത്രീലോകൃഗൃഹസ്ഥയുടെ ഗൃഹം പരമമായിട്ടുള്ളതാകാതെ തരമില്ല.
3,
ശരീരം എന്നും ധാമശബ്ദംകൊണ്ട് വ്യവഹരിക്കാം. പരമമായ ശരീരം ഭഗവതിയുടേതു തന്നെ

806, പരഞ്ജ്യോതിഃ

1, പരമമായ ജ്യോതിസ്സ് ആത്മജ്യോതിസ്സാണ്. അത് ഭഗവതിതന്നെ. സൂര്യൻ ചന്ദ്രൻ മുതലായ ജ്യോതിസ്സുകളെല്ലാം യാതൊന്നിനെ ആശ്രയിച്ച് പ്രകാശിക്കുന്നുവോ ആ ആത്മജ്യോതിസ്സാണ് ഭഗവതി.

805, പുഷ്കരേക്ഷണാ

1, താമരപോലെ കണ്ണള്ളവൾ.
2, പുഷ്കരവിഷയത്തിൽ ക്ഷണയായുള്ളവൾ. പുഷ്കരം എന്നതിന് താമരപ്പൂവ്വ്, ആകാശം, ജലംഒരു പ്രത്യേകതരം യാഗം തുടങ്ങി പലേ അർത്ഥങ്ങളും ഉണ്ട്. ക്ഷണശബ്ദത്തിന് ഉത്സവം ചലനമില്ലാത്ത് എന്നീ അർത്ഥങ്ങൾ ഉണ്ട്. താമരപ്പൂവ്വിൽ നിശ്ചലമായിരിക്കുന്ന സൌന്ദര്യവും വഴിഞ്ഞൊഴുകന്ന സൌന്ദര്യവും ഭഗവതിതന്നെ. അതേപ്രകാരം ആകാശം മുതലായതിൽ നിശ്ചലമായിരിക്കുന്നതും ഉത്സവമായിരിക്കുന്നതും ഭഗവതിയുടെ ശക്തിതന്നെ.
3,
പുഷ്കരം എന്ന ഭൂവിഭാഗത്തിൽ ഈക്ഷണം കൃപാകടാക്ഷം ഉള്ളവൾ

804, പുഷ്കരാ

1, പുഷ്കത്തെ ദാനം ചെയ്യുന്നവൾ. പുഷ്കം എന്നാൽ പോഷകhദാർത്ഥം. ലോകത്തിനെല്ലാം പോഷകങ്ങൾ നൽകുന്നവൾ.
2, പുഷ്കരം എന്ന തീർത്ഥസ്വരൂപാ. പുഷ്കരതീർത്ഥവും ഭഗവതി തന്നെ.

Sunday, November 4, 2018

803, പൂജ്യാ

1, ഏറ്റവും പുരാതനയായിട്ടുള്ളതിനാൽ എല്ലാവരാലും പൂജ്യാണ് ഭഗവതി.
2, പ്രതീക്ഷിക്കപ്പെടേണ്ടവൾ എന്ന് അർത്ഥം ഉണ്ട്.
3,
മാന്യാ

802, പുരാതനാ

1, എല്ലാവസ്തുക്കളും ഭഗവതിയിൽ നിന്ന് ഉണ്ടായതാണ് എന്നതിനാൽ എല്ലാ സാധനങ്ങളേക്കാളും പുരാതനയായിട്ടുള്ളവൾ.
2, വിഷ്ണുസ്വരൂപാ. പുരാതനൻ എന്ന് വിഷ്ണുവിന് പേരുണ്ട്.

801, പുഷ്ടാ

1, ഇരുപത്തഞ്ച് തത്വങ്ങളാൽ പുഷ്ടിപ്പെട്ട ദേഹമുള്ളവളായതിനാൽ പുഷ്ടാ.
2, അനവധി ഗുണങ്ങളാൽ പുഷ്ടാ അഥവാ സമൃദ്ധാ.
3,
ബ്രഹ്മാന്ദംകൊണ്ട് പുഷ്ടാ.

800, രസശേവധിഃ

1, രസത്തിൻറെ നിധി. ബ്രഹ്മാനന്ദം ആണ് ഏറ്റവും ഉയർന്നരസം. അതിൻറെ നിധിയാണ് ഭഗവതി.
2, രസത്തിന് വിഷം എന്ന് അർത്ഥമുണ്ട്. പ്രപഞ്ചം മുഴുവൻ ചുട്ടു ചാമ്പലാക്കാനുള്ള വിഷം ഭഗവതിയുടെ അടുത്തല്ലാതെ ആരുടെ കയ്യിലുണ്ട്?

799, രസജ്ഞാ

1 ശൃംഗാരാദി രസങ്ങൾ അറിയുന്നവൾ. സകലജീവജാലങ്ങളുടേയും ഭാവങ്ങളെല്ലാം മനസ്സിലാകുന്നത് ഭഗവതിക്കാണ്
2, നാവിൻറെ രൂപത്തിലുള്ളതും ഭഗവതിയാണ്. മധുരം എരി മുതലായ എല്ലാ രസങ്ങളും അറിയുന്നത് നാവിൻറെ രൂപത്തിൽ ഉള്ള ഭഗവതിയാണ്.
3,
രസികാ എന്നും അർത്ഥം ഉണ്ട്. ഈ പ്രപഞ്ചം മുഴുവൻ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഭഗവതിയാക്കാൾ വലിയ രസജ്ഞ ആരാണുള്ളത്.

798, കാവ്യകലാ

1, കാവ്യം നാടകം മുതലായ സാഹിത്യം മുഴുവൻ ഭഗവതിയുടെ രൂപങ്ങളാണ്.
2, കാവ്യാദികൾ സൃഷ്ടിക്കുന്നവരുടെ പ്രതിഭ കാവ്യകലയാണ്. ആ പ്രതിഭ ഭഗവതിയുടെ സാന്നിദ്ധ്യത്താൽ ആണ് ഉണ്ടാകുന്നത്. അല്ലെങ്കിൽ ഭഗവതിതന്നെ ആണ്.
3,
കാവ്യൻറെ അഥവാ ശുക്രൻറെ വിദ്യയാണ് മൃതസഞ്ജീവനി. ശക്രൻറെ കലയായ മൃതസഞ്ജീവനി ഭഗവതി തന്നെ.

797, കലാനിധിഃ

1, എല്ലാവിധ കലകളുടേയും നിധി. എല്ലാ കലകളും ഭഗവതിയിലാണ് ഉള്ളത്.
2, കലാ എന്നതിന് ജീവൻ എന്നർത്ഥം കാണുന്നു. എല്ലാ ജീവൻറേയും ആധാരം ഭഗവതി തന്നെ.
3,
അമൃത്സ്വരൂപമായിരിക്കുന്ന ചന്ദ്രമണ്ഡലത്തിൻറെ രൂത്തിലുള്ളവൾ എന്നും അർത്ഥമാകാം. പതിനാറു കലകൾ ചേർന്നതാണ് ചന്ദ്രമണ്ഡലം.

796, കാമരൂപിണീ

1, കാമൻറെ അതായത് ശിവൻറെ രൂപമുള്ളവൾ. ശുവസ്വരൂപാ.
2, ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ രൂപങ്ങളാണ്. ഇതറിഞ്ഞാൽ ആഗ്രഹങ്ങളെ വേണ്ടപോലെ പരിഗണിക്കാനും ബഹുമാനപുരസ്സരം സ്വീകരിക്കാനും കഴിയും. ആഗ്രഹസമ്പാദനത്തിന് നീചമായ വഴികൾ തേടാനേ കഴിയില്ല.
3,
ഇഷ്ടം പോലെ രൂപങ്ങൾ സ്വീകരിക്കാൻ കഴിയുന്നവൾ. 

Saturday, November 3, 2018

795, കാമധുക്

1, കാമങ്ങളെ ദോഹനം ചെയ്യുന്നവൾ.  ആഗ്രഹങ്ങൾ മുഴുവൻ കറന്നു തരുന്നവൾ. ആഗ്രഹങ്ങളെല്ലാം സാധിപ്പിക്കുന്നവൾ.
2, കാമധേനു എന്നു അർത്ഥം വരാം

794, കലാമാലാ

1, കലകളുടെ മാലാ. അറുപത്തിനാലുകലകളുടെ ആകത്തുകയാണല്ലോ പരിപൂർണ്ണതാ. അത് ദേവിതന്നെ. ആ വ്യഷ്ടിയായ അറുപത്തിനാലുകലകളും സമഷ്ടിയായ ഭഗവതിയിൽ തന്നെ കോർത്തിണക്കിയവയാണ്.
2, കല എന്നതിന് ലാവണ്യം എന്ന് അർത്ഥം ഉണ്ട്. മാഎന്നതിന് ഐശ്വര്യം എന്നും. ലാവണ്യവും ഐശ്വര്യവും തരുന്നവൾ എന്ന് അർത്ഥമാകാം.
3,
സമയത്തിൻറെ ഒരംശത്തിന് കല എന്ന് പറയും. അങ്ങിനെ ഉള്ള കലകളുടെ മാലയായ കാലം ഭഗവതിതന്നെ.

793, കപർദ്ദിനീ

1, കത്തിൻറെ പൂരത്തെ ദാപനം ചെയ്യുന്നവൾ. കം എന്നാൽ ജലം. പര്  എന്നത് ചിലവ്യാകരണ സൂത്രങ്ങൾ പ്രവർത്തിക്കുമ്പോൾ പൂരം എന്നായിത്തീരും. ദാപനം എന്നതിന് ശോധനം എന്നും അർത്ഥം. ജലത്തിൻറെ പൂരം സാക്ഷാൽ ഗംഗ തന്നെ. ഗംഗാജലത്തേപ്പോലും ശുദ്ധമാക്കിത്തീർക്കുന്നത് ഭഗവതിയാണ്.
2, കപർദ്ദീ എന്ന് ശിവന് പേരുണ്ട്. ശിവൻറെ സ്ത്രീ എന്നതുകൊണ്ടും കപർദ്ദിനീ 

792, സാമരസ്യപരായണാ.

1, സമമായ രസഭാവം പരായണമായിട്ടുള്ളവൾ. ശിവശക്തികൾ തമ്മിൽ രസിച്ചുകൊണ്ടിരിക്കുകയാണെന്നത് ലോകപ്രസിദ്ധം. അവർ അന്യോന്യം തുല്യമായ രീതിയിൽ ആസ്വദിച്ച് രസിച്ചുകൊണ്ടിക്കുകയാണ്. അത് തന്നെആണ് പരമമായ അയനം. അഥവാ കഥ. അങ്ങിനെ ഉള്ള കഥയുള്ളവൾ.
2, രസ്യം എന്നതിന് സ്തുതി എന്ന് അർത്ഥം ഉണ്ട്. സാമസ്തുതിയ്ക്ക് പരായണമായിട്ടുള്ളവൾ. സാമസ്തുതിക്ക് അടിസ്ഥാനം ഭഗവതിയാണ്. അല്ലെങ്കിൽ സാമസ്തുതിയെല്ലാം ഭഗവതിയുടെ സ്തുതികളാണ്

Thursday, April 5, 2018

791, സത്യജ്ഞാനാന്ദരൂപാ

1, സത്യവും ജ്ഞാനവും ആനന്ദവും രൂപമായിട്ടുള്ളവൾ.
2, സത്യത്തിൻറെ അജ്ഞാനം ഉള്ളവർക്ക് അനന്ദരൂപമായിട്ടുള്ളവൾ.സത്യത്തിൻറെ അറിവില്ലാത്തവർ അനന്ദം എന്ന ലോകത്തിലേയ്ക്ക് പോകേണ്ടിവരും എന്നു ശത്രിതിയിലുണ്ട്. അനന്ദം എന്ന ലോകം ഇരുട്ടുകൊണ്ടു നിറഞ്ഞതാണത്രേ.

790, പരാപരാ

1, പരം എന്നതിന് ഉത്കൃഷ്ടം എന്നുള്ളതിനാൽ അപരം നികൃഷ്ടം ആകും. ഉത്കൃഷ്ടമായുള്ളതും നികൃഷ്ടമായതും ഭഗവതിതന്നെ.
2, പരൻ എന്നു പറഞ്ഞാൽ മറ്റൊരുത്തൻ. അപ്പോൾ അപരൻ മറ്റൊരുത്തനല്ലാത്തവൻ. ഞാൻതന്നെ. അവനനവനും മറ്റൊരുത്തനും ഭഗവതിതന്നെ.
4,
പരൻ എന്നതിന് വൈരീ എന്നർത്ഥമുണ്ട്. അപ്പോൾ അപരൻ മിത്രം. ശത്രുവും മിത്രവും രണ്ടും ഭഗവതിതന്നെ.
5,
പരാ എന്നും അപരാ എന്നും രണ്ടുിധത്തിലുള്ള വിദ്യകളുണ്ട്. അവയും ഭഗവതിതന്നെ.
3,
പരാ അപരാ പരാപരാ എന്നു മൂന്നു വിധത്തിൽ സൃഷ്ടിയും സ്ഥിതിയും സംഹാകവും നടത്തുന്നു എന്ന് വരാഹപുരാണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Wednesday, April 4, 2018

789, നിസ്ത്രൈഗുണ്യാ

1, നിർഗ്ഗതം ത്രൈഗുണ്യം യാതൊരുവളിൽ നിന്ന്. അവൾ ത്രൈഗുണ്യം ഇല്ലാത്തവൾ.
2, സത്വരജസ്തമോഗുണങ്ങളുടെ ധർമ്മം ഇല്ലാത്തവൾ. ശാന്തത പരാക്രം മന്ദത തുടങ്ങി ത്രിഗുണങ്ങളുടെ ധർമ്മം ബാധിക്കാത്തവൾ
3,
ശൈത്യം സൌഗന്ധ്യം മാന്ദ്യം എന്നീ മൂന്നിനെ ത്രൈഗുണ്യം എന്നു പറയും. അവബാധിക്കാത്തവൾ

Tuesday, April 3, 2018

788, ജയത്സേനാ

1, ഭണ്ഡാസുരൻ മുതാലായവരെ ജയിച്ച സേനയുള്ളവൾ
2, പാണ്ഡവനായ സഹദേവൻ പശുപാലകനായി വിരാടരാജ്യത്ത് ജയത്സേനൻ എന്നപേരിൽ വസിക്കുകയുണ്ടായിട്ടുണ്ട്. അന്ന് സഹദേവത്വം മറച്ചിരുന്ന ജയത്സേനത്വം മായയായ ഭഗവതിതന്നെ ആണ്.

787, ത്രിപുരേശീ

1, സർവ്വാശാപരിപൂരകചക്രാധീശ്വരിയാണ് ത്രിപുരേശീ എന്നു കാണുന്നു.
2, ത്രിപുങ്ങൾക്ക് ഈശ്വരി. പുരശബ്ദത്തിന് ശരീരം എന്നർത്ഥമുണ്ട്. ശരീരം മൂന്നുവിധമാണെന്ന് ഉണ്ട്. സ്ഥൂലശരീരം, സൂക്ഷ്മശരീരം പരശരീരം. ഈ മൂന്നിനും ഈശ്വരി.

Monday, April 2, 2018

786, മന്ത്രിണീന്യസ്തരാജ്യധൂഃ

1, മന്ത്രിണീ എന്ന് ശ്യമളാദേവിയിൽ രാജ്യഭാരം അർപ്പിച്ചവൾ. പ്രപഞ്ചത്തിന് രാജ്ഞിയായ ഭഗവതിരാജ്യത്തിൻ്റെ ചുമതല ശ്യാമളാദേവിയേയാണ് ഏൽപ്പിച്ചിട്ടുള്ളത്.
2, മന്ത്രാധികാരമുള്ളവരെ തന്നിൽഐക്യം പ്രാപിപ്പിച്ച് മന്ത്രിണികളാക്കിക്കിത്തീർക്കുന്നു. പിന്നീട് അവരാണ് ഭഗവതിയുടെ രാജ്യം നോക്കിനടത്തുന്നത്. 

785, മാർത്താണ്ഡഭൈരവാരാദ്ധ്യാ

1, ദേവ്യുപാസകനായ മാർത്താണ്ഡഭൈരവനാൽ ആരാധിക്കപ്പെടുന്നവൾ
2, മാർത്താണ്ഡൻ എന്നത് സൂര്യപര്യായമാണ്.  ഉദ്യമോ ഭൈരവഃ എന്നുണ്ട്. സൂര്യൻ്റെ ഉദയംകൊണ്ട് ആരാധിക്കപ്പെടുന്നവളാണ് ഭഗവതി.
3,
ലോകതേജസ്വിയായ സൂര്യനാലും ഭീരുക്കളുടെ സമൂഹത്താലും ആരാധിക്കപ്പെടുന്നവൾ. 
4, സൂര്യനേപ്പോലെ തേജസ്സുള്ള ഭൈരവനാൽ ആരാധിക്കപ്പെടുന്നവൾ. 

Friday, August 4, 2017

784, പ്രാണരൂപിണീ.

1, പ്രാണന് ബ്രഹ്മമെന്ന അർത്ഥം ശ്രുതിയിലുണ്ട്. അതിനാൽ ബ്രഹ്മസ്വരൂപാ
2, പ്രാണൻ  കാലത്തിൻ്റെ ഒരളവാണ്. നാലുനിമിഷത്തിന് പ്രാണൻ എന്നു പറയും. ഫലത്തിൽ കാലസ്വരൂപിണീ
3,
ജീവൻ എന്നും അർത്ഥമാകം. എല്ലാവരുടേയും ജീവൻ വാസ്തവത്തിൽ ഭഗവതിതന്നെ ആണ്.

783, പ്രാണദാ

1, പ്രാണനെ ദാനം ചെയ്യുന്നവൾ. പ്രാണന് പഞ്ചപ്രാണങ്ങൾ എന്നും  ഇന്ദ്രിയങ്ങൾ എന്നെല്ലാം അർത്ഥമുണ്ട്. ഇവയെല്ലാം തരുന്നത് ഭഗവതിയാണ്.
2 പ്രാണങ്ങളെ ഇല്ലായ്മ ചെയ്യുന്നവൾ എന്നും അർത്ഥമാക്കാം. മുൻപറഞ്ഞവയെല്ലാം ഇല്ലാതാകുന്നതും മായാരൂപിണിയായ തന്നെ,
3,
പ്രാണന് ബ്രഹ്മം എന്നൊരു അർത്ഥമുണ്ട്. ബ്രഹ്മത്തെ തരുന്നവൾ. ബ്രഹ്മപ്രാപ്തി തരുന്നവൾ

782, പരാകാശാ

1, പരമമായ ആകാശമായിട്ടുള്ളവൾ. പരമമായ ആകാശം പരംബ്രഹ്മം തന്നെ.
2, പരാകശബ്ദത്തിന് ഒരു തരം കഠിനമായ വ്രതം എന്നൊരു അർത്ഥം. ആശാ എന്നതിന് ദിക്ക് എന്ന് അർത്ഥമുണ്ട്. കഠിനമായ ആവ്രതം ചെയ്യുന്നവർ എത്തിച്ചേരുന്ന ദിക്ക് എന്ന് ഭാവാർത്ഥം.
3,
പരമായിരിക്കുന്ന അകത്തെ അശിക്കുന്നവൾ. അകം പാപം. ഏറ്റവും വലിയ പാപത്തേയും ഭഗവതി ഇല്ലാതാക്കും.
4,
പരാകം എന്നതിന് ഒരു തരം രോഗം എന്നും അർത്ഥമുണ്ട്. ആ രോഗത്തെ ഇല്ലാതാക്കുന്നവൾ എന്നും ആകാം.

Wednesday, July 19, 2017

781, പ്രത്യഗ്രൂപാ

1, ഏറ്റവും മുമ്പ് ഉള്ള രൂപം. പ്രപഞ്ചം തുടങ്ങുന്നതിനും മുമ്പുള്ള ഒരേഒരുരൂപം ഭഗവതിയുടേതാണ്.
2, പ്രതികൂലസ്വരൂപാ. പ്രതികൂലമായി വരുന്നതും ഭഗവതിയുടെ രൂപം തന്നെ എന്ന വിശ്വാസം ഉണ്ടെങ്കിൽ ജീവിതം അല്ലലില്ലാത്തതാകും. 

780, വിശ്വതോമുഖീ

1, എല്ലായിടത്തും മുഖമുള്ളവൾ. പ്രപഞ്ചത്തിൻ്റെ ഏതു മൂലയിലും മുഖമുള്ളവൾ.
2, സദാചാരത്തിലേയക്കും അനാചരത്തിലേയ്ക്കും ശ്രദ്ധപായിച്ചുകൊണ്ടിരിക്കുന്ന ഭഗവതിയുടെ മുഖം പ്രപഞ്ചം മുഴുവൻ നിറഞ്ഞതാണ്.

Wednesday, July 12, 2017

779, വിരജാ

1, രജോഗുണം തീരെ ഇല്ലാത്തവൾ
2, ഉത്കലദേശത്തുള്ള വിരജാ പീഠത്തിൽ പൂജിക്കപ്പെടുന്ന വിരജാദേവി.
3,
ശ്രീകൃഷ്ണപ്രണയിനിയായ ഒരു ഗോപസ്ത്രീ. യോഗികളിൽ ഉന്നതകളായ ഗോപസ്ത്രീകളെല്ലാം ഭഗവതിതന്നെ.

778, വിരാഡ്രൂപാ

1, ഈപ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഭഗവദ്രൂപത്തെ വിരാട് എന്നു പറയുന്നു. ഭവതിയുടെ ഏറ്റവും സ്ഥൂലമായ രൂപമാണ് വിരാഡ്രൂപം.
2, ക്ഷത്രിയസ്വരൂപാ എന്നും ആകാം.
3,
വിരാട് എന്നൊരു ഛന്ദസ്സുണ്ട്. ഛന്ദസ്സുകളെല്ലാം ഭഗവതിതന്നെ ആണല്ലോ.

777, വീരാരാദ്ധ്യാ

1, വീരന്മാരാൽ ആരാധിക്കപ്പെടുന്നവൾ
2, യാഗത്തിൽ നൈ തിളപ്പിച്ച് അത് കത്താൻ തുടങ്ങുമ്പോൾ അതിലേയ്ക്ക് പാൽ ഹോമിക്കുന്ന ഒരു ക്രിയ ഉണ്ട്. അതിനുപയോഗിക്കുന്ന ഉപയോഗിക്കുന്ന മഹാവീരം എന്ന ഒരു പാത്രം വീരമാണ്. ആപാത്രത്തിലൂടെ ആരാധിക്കുന്നത് ഭഗവതിയെതന്നെ.
3,
തന്ത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒരു വീരാവസ്ഥഉണ്ട്. അപ്രകാരം വീരാവസ്ഥ പ്രാപിച്ചവരാൽ ആരാധ്യാ.

776, മന്ദാരകുസുമപ്രിയാ

1, മന്ദാരം എന്നത് കൽപ്പകവൃക്ഷം ആണ്. കൽപ്പകവൃക്ഷത്തിൻ്റെ  കുസുമം ഇഷ്ടപ്പെടുന്നവൾ

Friday, July 7, 2017

775, മേരുനിലയാ


1, മേരുപർവ്വതത്തിൽ വിസിക്കുന്നവൾ
2, ശ്രീചക്രത്തിൻ്റെ ഉള്ളിൽ വസിക്കുന്നവൾ
3,
നവാർണ്ണമായ മന്ത്രത്തിന് മേരു എന്നു പറയാറുണ്ട്. ആമന്ത്രം നിലയമായിട്ടുള്ളവൾ
4,
ജപമാലയുടെ നെടുനായകമായ കുരുവിന് മേരു എന്നു പറയാം. ജപം തുടങ്ങുന്നതും അവസാനിക്കുന്നതും ഇതിലായതിനാൽ ജപത്തിനിടയിലെല്ലാം ഭഗവതിവസിക്കുന്നു എന്നുംഅർത്ഥമാക്കാം

774, മഹതീ

1, പ്രാധാന്യമുള്ളവൾ. ഭഗവതിയെപ്പോലെ പ്രാധാന്യമുള്ളവളായി ആരുണ്ട്.

2, രൂപംകൊണ്ട് വലിയവൾ. പ്രപഞ്ചസ്വരൂപയായ ഭഗവതി മഹതി തന്നെ.
3,
ശ്രീനാരദമഹർഷിയുടെ വീണയ്ക്ക് മഹതി എന്നു പേരുണ്ട്. സദാ നാമസങ്കീർത്തനത്തിന് പശ്ചാത്തലം ഒരുക്കുന്ന ആ വീണ ഭഗവതിയാണ്.
4,
മഹതീ എന്നു പേരായി ഒരു നദിയുണ്ട് എന്നു കാണുന്നു. എല്ലാ നദികളും ഭഗവതിയാണ്.

773, പാടലീകുസുമപ്രിയാ

1, ചുവപ്പും വെളുപ്പും ചേർന്ന നിറമായ പാടലനിറത്തിലുള്ള ഒരു പുഷ്പമാണ് പാടലകുസുമം. പാതരിപ്പൂ. അത് ഇഷ്ടപ്പെടുന്നവൾ

772, ദുരാധർഷാ

1, ആധർഷണം ചെയ്യാൻപറ്റാത്തവൾ. ആധർഷണം എന്നാൽ കീഴ്പ്പെടുത്തൽ എന്നർത്ഥം. ഭഗവതിയെ ആർക്കും തന്നെ കീഴ്പ്പെടുത്താൻ പറ്റില്ല.
2, ആധർഷണം എന്നതിന് നിന്ദിക്കൽ എന്നും അർത്ഥമുണ്ട്. ഭഗവതിയെ നിന്ദിക്കാൻ പോലും ആർക്കും കഴിയില്ല. ഭഗവതിയെ മനസ്സിലാക്കാതെ എങ്ങിനെയാണ് നിന്ദിക്കുന്നത്

771, ദുരാരാദ്ധ്യാ

1, മനോബലം ഇല്ലാത്തവർക്ക് ആരാധിക്കാൻ വിഷമമുള്ളവൾ.


770, പ്രിയവ്രതാ

1, ഏതു ദേവതാപ്രീതിക്കാണെങ്കിലും പ്രായശ്ചിത്തം ഉദ്ദേശിച്ചാണെങ്കിലും ആദർശത്തെ ഉദ്ദേശിച്ചാണെങ്കിലും അനുഷ്ഠിക്കുന്ന വ്രതം ഭഗവതിയുടെ പ്രീതി സമ്പാദിച്ചു തരുന്നതാണ്.
2 മനുവിന് പ്രിയവ്രതൻ എന്നൊരു പുത്രനുണ്ടായി. അദ്ദേഹം സപ്തദ്വീപുകൾ വിഭാവനം ചെയ്ത മഹാനാണ്. ആ പ്രിയവ്രതമഹാരാജാവ് ഭഗവതിയുടെ ചൈതന്യം ഉൾക്കൊള്ളുന്നവൻ തന്നെ. 

769, യജ്ഞരൂപാ

1, വൈദികൻമാരാൽ ചെയ്യപ്പെടുന്ന അഗ്നിഷ്ടോമാദി യജ്ഞങ്ങൾ ഭഗവതിയുടെ രൂപമാണ്. യജ്ഞശാലയുടെ ഓരോ ഭാഗങ്ങൾ യജ്ഞദേവതയുടെ ഓരോരോ അവയവങ്ങളാണ് എന്ന് പുരാണങ്ങളിൽ കാണാവുന്നതാണ്.
2, നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കുന്നതെല്ലാം ഉള്ളിലിരിക്കുന്ന ആത്മാവായ ഭഗവതിക്ക് വേണ്ടിയാണെന്ന ഭവന വലിയ യജ്ഞമാണ്. ആ യജ്ഞം സ്വരൂപമായിട്ടുള്ളവൾ.
3,
ഭഗവദ്ഗീതയുലും മറ്റും പലവിധത്തിലുള്ള യജ്ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അതെല്ലാം ഭഗവതിയുടെ രൂപങ്ങൾ തന്നെ.

768, ദ്യുതിധരാ

1, ദ്യുതിയെ ധരിക്കുന്നവൾ. കാന്തിയുള്ളവൾ

767, ഓജോവതീ

1, എട്ടാമത്തെ ധാതു ഓജസ്സാണെന്നു പറയുന്നു. ത്വക് ചർമ്മാദി ധാതുക്കൾ ഏഴാണ്. ഇതിനെല്ലാം മീതെയുള്ളതാണ് ഓജസ്സ്. അതുള്ളവൾ.

2, ഇന്ദ്രിയസാമർത്ഥ്യം ഓജസ്സാണെന്നും ഉണ്ട്. ഇിന്ദ്രയിസാമർത്ഥ്യം ഉള്ളൾ.
3,
ബലം എന്നും ദീപ്തി എന്നും ഓജശബ്ദത്തിന് അർത്ഥം ഉണ്ട്. ഇത് രണ്ടും ഭഗവതിക്കുണ്ട്.766, ജപാപുഷ്പനിഭാകൃതിഃ

1, ജപാപുഷ്പത്തിൻ്റെ നിഭയുള്ള ആകൃതിയോടുകൂടിയവൾ. ജപാപുഷ്പം ചുകന്നനിറമുള്ള ഒരു പൂവ്വ്. അതിൻ്റെ ശോഭയുള്ള  ഭഗവതി.

2, അജപാ എന്നു പദം മുറിക്കാം. പ്രസിദ്ധമായ അജപാമന്ത്രം ഭഗവതിയുടെ തന്നെ മന്ത്രമാണ്. ബാക്കി പുഷ്പനിഭാകൃതിഃ പുഷ്പത്തെപോലെ ശോഭയുള്ള ആകൃതിയോടുകൂടിയവൾ

Thursday, July 6, 2017

765,ശുദ്ധാ

1, തീരെ കളങ്കമില്ലാത്തവൾ.

2, ഉജ്വലയായിട്ടുള്ളവൾ


764, സ്വർഗ്ഗാപവർഗ്ഗദാ

1, സ്വർഗ്ഗത്തേയും അപവർഗ്ഗത്തേയും തരുന്നവൾ. സ്വർഗ്ഗം എന്നതിന് സുഖം എന്നർത്ഥം. അപവർഗ്ഗം മോക്ഷം.

2, സ്വർഗ്ഗത്തനെ അപവർഗ്ഗമായി തരുന്നവൾ. അപവർഗ്ഗം എന്നതിന് എറിയൽ എന്നർത്ഥമുണ്ട്. സ്വർഗ്ഗത്തെ അത്ര നിസ്സാരമായി എറിഞ്ഞുതരുന്നവൾ എന്നർത്ഥം. മോക്ഷത്തിനെ അപേക്ഷിച്ച് സ്വർഗ്ഗത്തിൻ്റെ വില അത്രയ്ക്കേ ഉള്ളൂ എന്ന് ഈ നാമം ബോധിപ്പിക്കുന്നു.

763, ത്രിഗുണാത്മികാ

1, സത്വരജസ്മോഗുണങ്ങൾ ഉൾക്കൊള്ളുന്നവൾ. ത്രിഗുണാത്മികയായ പ്രകൃതീദേവിതന്നെ ആണ് ഭഗവതി.